SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

തിരുവല്ല സ്‌പാ കൂട്ടബലാത്സംഗം: മൂന്നാമതൊരാൾ കൂടി അറസ്റ്റിൽ,​ പിടികൂടിയത് കൊച്ചിയ്‌ക്ക് സമീപ‌ത്തുനിന്ന്

Increase Font Size Decrease Font Size Print Page
spa-case

പത്തനംതിട്ട: തിരുവല്ല സ്‌പാ കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ഒരാൾ കൂടി പിടിയിലായി. നിരണം സ്വദേശിയായ വരുൺ ആണ് ആലുവയിൽ നിന്ന് പിടിയിലായത്. പ്രതികൾ സംസ്ഥാനം വിട്ടേക്കുമെന്ന സൂചനയിൽ വ്യാപക അന്വേഷണം നടത്തുന്നതിനിടയിലാണ് വരുൺ പിടിയിലായത്. വരുണിന്റെ ഫോൺ ലൊക്കേഷൻ കൊച്ചിയിലാണെന്ന് മനസിലാക്കി പൊലീസ് നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. ഇനി മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.

നേരത്തെ ഒന്നാം പ്രതി മരണ സുബിൻ എന്ന സുബിൻ അലക്‌സാണ്ടർ,​ കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവർ പിടിയിലായിരുന്നു. സംഭവസമയം സ്പായിലുണ്ടായിരുന്ന സഹപ്രവർത്തകയുടെ ഒത്താശയോടെയാണ് പീഡനം നടത്തിയതെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഇവരിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും അന്വേഷണം നീളും. ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷൻ ആക്രമണമാണ് നടന്നതെന്നും തന്റെ ജീവനക്കാരിൽ ചിലർ അതിന് കൂട്ടുനിന്നിട്ടുണ്ടെന്നും സ്പാ ഉടമയും ആരോപണം ഉയർത്തിയിരുന്നു.

സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഈ മാസം ഒന്നിന് നടന്ന സംഭവത്തിൽ യുവതിയോ സ്പാ ഉടമയോ പരാതി നൽകിയിട്ടില്ലെന്നും രണ്ടുപേരെ അറസ്റ്റുചെയ്തത് രഹസ്യ വിവരത്തെ തുടർന്നാണെന്നും പൊലീസ് പറഞ്ഞു. പീഡന വിവരം പൊലീസും മറച്ചുവച്ചു. ഗുണ്ടാ സംഘം അതിക്രമം കാട്ടുന്ന വീഡിയോദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്പാ കേന്ദ്രീകരിച്ച് പൊലീസും പണപ്പിരിവ് നടത്തുന്നതായി ആരോപണമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.

TAGS: THIRUVALLA SPA, ASSAULT CASE, ONE MORE ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY