
പാലക്കാട്: വിമത കൺവെൻഷനിൽ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായ പി കെ ശശി. താഴേത്തട്ട് മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെയുള്ല നേതാക്കളുടെ തെറ്റുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്‌പിരിറ്റ് കച്ചവടക്കാരനെന്നാണ് പി കെ ശശി വിശേഷിപ്പിച്ചത്. കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി കെ ശശിയുടെ വാക്കുകൾ:
'സിപിഎമ്മിലെ മുൻ ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധിപേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അർപ്പണബുദ്ധിയോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ ശേഷിയുള്ള ഒരു പടയുടെ മുഖമാണ് ഇവിടെ കാണുന്നത്. ഇത് വിമതന്മാരുടെ കൺവെൻഷനല്ല, വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാരുടെ കൺവെൻഷനാണ്. ഞങ്ങൾ ആഗ്രഹിച്ചല്ല ഇവിടെ എത്തിയത്. ഞങ്ങളെ ഇതിന് നിർബന്ധിതരാക്കിയ സാഹചര്യം പാലക്കാട് ജില്ലയിലുണ്ടായി.
പാർട്ടിയുടെ ഭരണം മുൻനിർത്തി പാലക്കാട്ടെ ചില നേതാക്കന്മാർ കാണിച്ചുകൂട്ടിയ തോന്നിവാസങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. ആ അഴിമതിയൊന്നും വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വി ഡി സതീശൻ പറഞ്ഞതുപോലെ മദ്യപാനസദസിൽ പാർട്ടി സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥയാണ്.
പാർട്ടിയിൽ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്ന ഒരാൾ സ്‌പിരിറ്റ് കേസിലെ ഒന്നാം പ്രതിയാണ്. ഇതിനെതിരെ നിലപാടെടുത്ത പലരെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. അവരുടെയെല്ലാം രോഷപ്രകടനമാണ് ഈ കൺവെൻഷൻ. ജോലിയിൽ നിന്ന് പോലും പിരിച്ചുവിടപ്പെട്ട നിരവധി സഖാക്കന്മാർ ഈ വേദിയിലുണ്ട്. ജനകീയരായ നേതാക്കൾ ഇരുന്ന കസേരയിലാണ് ഇപ്പോഴൊരു സ്‌പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്.'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |