
കൊച്ചി: റോഡിലെ ക്യാമറകളും ട്രാഫിക് പൊലീസും മോട്ടോർ വാഹനവകുപ്പും കൃത്യമായി പണിയെടുക്കുന്നുണ്ട്. പക്ഷേ, അത് വാഹന ഉടമകൾ മാത്രം ഇതുവരെ അറിഞ്ഞില്ല. മോട്ടോർ വാഹനവകുപ്പും പൊലീസും ചേർന്ന് നടത്തുന്ന 'അമ്നസ്റ്റി സ്‌കീം 2026' ഇചെലാൻ അദാലത്തിലെത്തിയപ്പോഴാണ് വാഹന ഉടമകളിൽ പലർക്കും ഇക്കാര്യം ബോദ്ധ്യപ്പെട്ടത്.പഴയ ട്രാഫിക് നിയമലംഘനങ്ങൾ 50 ശതമാനം ഇളവോടെ തീർപ്പാക്കാനുള്ള അവസരമായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. ചെറിയ പിഴയല്ലേ അടയ്ക്കേണ്ടതുള്ളൂ എന്ന് കരുതി എത്തിയവർക്ക് പഴയ നിയമലംഘങ്ങൾക്കുള്ള പിഴ മുഴുവൻ ഒടുക്കേണ്ടിവന്നു.
അടയ്ക്കേണ്ട പിഴ എത്രയെന്ന് അറിയാൻ വാഹനത്തിന്റെ നമ്പർ കമ്പ്യൂട്ടറിൽ നൽകിയപ്പോഴാണ് പിഴകളുടെ വൻ ലിസ്റ്റ് പലർക്കും ലഭിച്ചത്. അറുപതുചെലാനുകൾവരെ ലഭിച്ചവരുണ്ടത്രേ. ഇതൊന്നും എനിക്കുള്ളതല്ല എന്ന തർക്കിച്ചവരെ ഫോട്ടാേയടക്കം കാണിച്ചതോടെ അവർക്ക് ഉത്തരംമുട്ടി. പിന്നീട് ഒന്നുംമിണ്ടാതെ പിഴയടച്ച് സ്ഥലംവിട്ടു.
ഹെൽമെറ്റ് ധരിക്കാതെയുളള യാത്ര, സീറ്റ് ബെൽറ്റ് ഇടാതിരിക്കൽ, ട്രിപ്പിൾ റൈഡിംഗ് എന്നിവയാണ് ക്യാമറയിൽ കുടുങ്ങിയവയിൽ കൂടുതലും. അനധികൃത പാർക്കിംഗ്, അശ്രദ്ധമായ ഡ്രൈംവിംഗ്, അമിതവേഗം തുടങ്ങിയവയ്ക്കും പിഴകിട്ടിയവരുണ്ട്. പിഴചുമത്തിയ വിവരം അറിയിച്ച് മൊബൈലിൽവന്ന മെസേജുകൾ ശ്രദ്ധിക്കാതിരുന്നതാണ് പലർക്കും തിരിച്ചടിയായത്. പല ഓഫീസുകളിലും പിഴ അടയ്ക്കാൻ നൂറുകണക്കിനുപേരാണ് എത്തിയത്. തിരക്കുനിയന്ത്റിക്കാനായി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് പിഴയിനത്തിൽ ആദ്യദിവസംതന്നെ പിരിഞ്ഞുകിട്ടിയത്.
അദാലത്ത് ഈ മാസം 30ന് സമാപിക്കും. 2024 ഡിസംബർ 31 വരെ പൊലീസോ മോട്ടോർ വാഹനവകുപ്പോ ചുമത്തിയ പിഴകൾക്ക് ഇളവുകളോടെ പണമടയ്ക്കാൻ ലഭിക്കുന്ന അവസാന അവസരമാണിത്. ഇതുകഴിഞ്ഞാൽ ഇവയ്ക്കുള്ള പിഴത്തുക മുഴുവനായി ഒടുക്കേണ്ടിവരും.ഓൺലൈൻ വഴി പണമടയ്ക്കാൻ https://service.mvd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |