തൃശൂർ: ആശുപത്രികളിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തിക ഇല്ലാത്തതിനാൽ ഫാം.ഡി കോഴ്‌സ് പഠിച്ചിറങ്ങിയവർ പെരുവഴിയിൽ. മരുന്ന് ഉപയോഗത്തിലെ പിഴവ് കുറയ്ക്കാനും ചികിത്സാ ഗുണനിലവാരം കൂട്ടാനും ഫാം.ഡി യോഗ്യതയുള്ള ക്ലിനിക്കൽ ഫാർമസിസ്റ്റ് ആശുപത്രികളിൽ വേണമെന്ന് സർക്കാർ നിബന്ധനയില്ലാത്തതാണ് പ്രശ്നം.ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യ വർഷങ്ങളായി സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇപ്പോഴും തസ്തികകൾ നിർബന്ധമാക്കിയിട്ടില്ല.
ഇപ്പോൾ രോഗിയുടെ മരുന്നിന്റെ അളവ് തീരുമാനിക്കുന്നതും മറ്റും ഡോക്ടർമാരാണ്.ചില സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ മാത്രമാണ് ക്ലിനിക്കൽ ഫാർമസിസ്റ്റുള്ളത്. ആരോഗ്യ വകുപ്പിലോ പി.എസ്.സി വഴിയുള്ള നിയമനങ്ങളിലോ 'ക്ലിനിക്കൽ ഫാർമസിസ്റ്റ്' എന്ന തസ്തിക ഫാം.ഡി കഴിഞ്ഞവർക്കായി ഇല്ല. സർക്കാർ ആശുപത്രികളിൽ ഡി.ഫാം, അല്ലെങ്കിൽ ബി.ഫാം അടിസ്ഥാന യോഗ്യതയായുള്ള 'ഫാർമസിസ്റ്റ് ഗ്രേഡ് 2' തസ്തികകളാണുള്ളത്. ആറ് വർഷം പഠിച്ച ഫാം.ഡി ബിരുദധാരിയും രണ്ട് വർഷം പഠിച്ച ഡി. ഫാം ബിരുദധാരിയും ഫാർമസിസ്റ്റെന്ന ഒരേ തസ്തികയിലാണ് ജോലിയെടുക്കേണ്ടത്.
രോഗനിർണയം നടത്തുന്നതും മരുന്ന് നിർദ്ദേശിക്കുന്നതും ഡോക്ടറാണെങ്കിലും വികസിത രാജ്യങ്ങളിൽ ഡോസ് ഉൾപ്പെടെ മരുന്നുമായി ബന്ധപ്പെട്ട സൂക്ഷ്മമായ കാര്യങ്ങളിൽ ഉപദേശ - നിർദ്ദേശം നൽകുന്നത് ക്ളിനിക്കൽ ഫാർമസിസ്റ്റുകളാണ്. സർക്കാർ മെഡിക്കൽ കോളേജിൽ ഈ വിഭാഗം ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
അവസരങ്ങൾ പുറത്ത്
ബംഗളൂരുവിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെല്ലാം 'ക്ലിനിക്കൽ ഫാർമസിസ്റ്റ്' തസ്തികകളിൽ ഫാം.ഡി ബിരുദധാരികളെ നിയമിക്കുന്നുണ്ട്. ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ആസ്ഥാനമായതിനാൽ ഫാർമക്കോ വിജിലൻസ് മേഖലയിലും മികച്ച അവസരമുണ്ട്. രാജ്യത്തെ ഫാർമ ഹബ്ബായി അറിയപ്പെടുന്ന ഹൈദരാബാദിൽ ഫാം.ഡി കഴിഞ്ഞവർക്ക് തൊഴിൽ സാദ്ധ്യതകളേറെയാണ്. വർഷം ആയിരക്കണക്കിന് പേർ പഠിച്ചിറങ്ങുന്നുണ്ടെങ്കിലും പരിമിതമായ അവസരം മാത്രമാണ് രാജ്യത്തിനകത്തുള്ളത്.
ക്ലിനിക്കൽ ഫാർമസിസ്റ്റെന്നാൽ
കഴിക്കേണ്ട സമയം, രോഗിയുടെ ഭാരം, പ്രായം, വൃക്കയുടെയും കരളിന്റെയും പ്രവർത്തനം എന്നിവ കണക്കിലെടുത്ത് മരുന്ന് സുരക്ഷിതമാണോയെന്ന് പരിശോധിക്കണം മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനം, പാർശ്വഫലങ്ങൾ എന്നിവ നിരീക്ഷിക്കണം
ഇക്കാര്യങ്ങളിൽ രോഗിക്ക് നിർദ്ദേശം നൽകണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |