
ചങ്ങനാശേരി: സിനിമാ നടൻ കൃഷ്‌ണപ്രസാദ് മർദിച്ചുവെന്ന് പൊലീസിൽ പരാതി നൽകി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ. കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ. ബി ശ്രീകുമാറാണ് (67) നടനെതിരെ ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിൽ എത്തിയപ്പോഴാണ് മർദനമുണ്ടായതെന്ന് പരാതിയിൽ പറയുന്നുണ്ട്. ശ്രീകുമാർ ഇവിടെ പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്‌ണപ്രസാദ് എത്തി തടയുകയും ഇനി കല്ലുകെട്ടിയാൽ പൊളിച്ച് കളയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ഇതിന് പിന്നാലെ ഡോക്‌ടർ സ്ഥലത്തെത്തിയപ്പോഴാണ് കൃഷ്‌ണപ്രസാദും സുഹൃത്തും ചേർന്ന് മർദിച്ചത്.
ശ്രീകുമാർ വീടുവയ്‌ക്കുന്ന സ്ഥലത്തെത്തിയപ്പോൾ വില്ലേജ് ഓഫീസറുമായി കൃഷ്‌ണപ്രസാദ് കല്ലിട്ട ഭാഗത്തെത്തി. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നതിനിടെയാണ് ഡോക്‌ടർക്ക് മർദനമേറ്റത്. ഉടൻതന്നെ ശ്രീകുമാർ ചങ്ങനാശേരി ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടി.
എന്നാൽ, മർദിച്ചുവെന്ന പരാതി കള്ളമാണെന്നാണ് കൃഷ്‌ണപ്രസാദ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്. വയൽ നികത്തിയ സ്ഥലത്താണ് ഡോക്‌ടർ വീട് വയ്‌ക്കുന്നതെന്നും ഇവിടെ റോഡിനോട് ചേർന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമമാണ് ചോദ്യം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. മുമ്പും ഭൂമി കയ്യേറ്റത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇത് തന്റെ മാത്രം ആവശ്യമല്ലെന്നും സ്ഥലത്തെ നാൽപ്പതോളം കുടുംബങ്ങളുടെ പൊതു ആവശ്യമാണെന്നും അതിനാലാണ് ഇടപെട്ടതെന്നും കൃഷ്‌ണപ്രസാദ് പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ഉള്ളതിനാലാണ് തനിക്കെതിരെ ആരോപണം ഉയരുന്നതെന്നും നടൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |