കൊച്ചി: ഓസ്‌ട്രേലിയൻ വംശജൻ. ഇപ്പോൾ തനി മലയാളി. കാറിന്റെ ഡാഷ് ബോർഡിലോ സ്റ്റിയറിംഗിലോ ഇരുന്ന് കാഴ്ചകൾ കാണാൻ പെരുത്തിഷ്ടം.. അണ്ണാനോട് സാമ്യമുള്ള ഷുഗർ ഗ്ലൈഡർ (പറക്കും അണ്ണാൻ) എന്ന കുഞ്ഞൻ ജീവി ഇന്ന് തൃശൂർ ചെമ്പൂക്കാവ് സ്വദേശി എം.എം.ശ്രീലക്ഷ്മിയുടെ ഓമന. ശ്രീലക്ഷ്മിയുടെ തോളത്തുതൂങ്ങുന്ന പൗച്ചിലാണ് വിശ്രമം. ഊണും ഉറക്കവും ഒരുമിച്ച്.
ചിക്കൻ വേവിച്ചതാണ് ഇഷ്ടവിഭവം. മാമ്പഴം, ചക്കപ്പഴം, പേരയ്ക്ക എന്നിവയോടും ഇഷ്ടം. ശ്രീലക്ഷ്മി എവിടെപ്പോയാലും തോളത്തുണ്ടാകും. വിളിച്ചാൽ ഓടിവരും. വഴക്കുപറഞ്ഞാൽ പിണങ്ങും. പൊന്നായി വളർത്തിയിരുന്ന പിക്കു എന്ന അണ്ണാനെ പൂച്ചപിടിച്ച സങ്കടത്തിലിരിക്കുമ്പോഴാണ് ഒരുവർഷം മുമ്പ് ശ്രീലക്ഷ്മിക്ക് ഒരു സുഹൃത്ത് ഇതിനെ സമ്മാനിച്ചത്. പിക്കു എന്ന പേരുതന്നെ നൽകി. പെട്ടെന്നിണങ്ങി.
എം.ബി.എ ബിരുദധാരിയായ ശ്രീലക്ഷ്മി സൂംബ നൃത്ത പരിശീലകയാണ്. ടൊവിനോ ചിത്രമായ ഐഡന്റിറ്റിയിൽ ചെറിയൊരുവേഷം ചെയ്തു. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഷുഗർ ഗ്ലൈഡർ
കൈപ്പത്തിയോളം മാത്രം വലിപ്പം. വലിയ കണ്ണുകൾ. തേനും ചെടികളുടെ നീരും കഴിക്കാൻ ഇഷ്ടപ്പെടുന്നതുകൊണ്ട് കിട്ടിയ പേരാണ് ഷുഗർ ഗ്ലൈഡർ
ഇരുഭാഗത്തുമായി കൈകാലുകളെ ബന്ധിപ്പിച്ച് ചിറകുപോലെയുള്ള നേർത്തചർമ്മം ഉള്ളതിനാൽ മരങ്ങളിലേക്ക് 150 അടിവരെ പറക്കാനാകും. പ്രധാന പെറ്റ്‌ഷോപ്പുകളിൽ വാങ്ങാൻ കിട്ടും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |