ശിവഗിരി: ശ്രീനാരായണ ധർമ്മപ്രചാരണ പ്രവർത്തനങ്ങളിലൂടെയേ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനാവൂ എന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു.
ശിവഗിരി മഠത്തിന്റെ അഭ്യർത്ഥന മാനിച്ച് തീർത്ഥാടനത്തിന് സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചതിൽ മുഖ്യമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ശിവഗിരിയും ചെമ്പഴന്തിയും അടക്കമുള്ള കേന്ദ്രങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് പിണറായി സർക്കാർ നൽകിയത്. ചെമ്പഴന്തിയിൽ ഡിജിറ്റൽ മ്യൂസിയം സ്ഥാപിക്കാനും തലസ്ഥാന നഗരമദ്ധ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കാനും ഒന്നാം പിണറായി സർക്കാരാണ് തയ്യാറായത്. ഡിജിറ്റൽ മ്യൂസിയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
പ്രബുദ്ധ കേരളത്തിൽ ദേശസ്നേഹികളെ ഞെട്ടിക്കുന്ന പല സംഭവങ്ങളും നടക്കുന്നുണ്ട്. നവോത്ഥാന ആശയങ്ങളെ പിന്നോട്ടുവലിക്കുന്നവയാണവ. സമൂഹം നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാവാൻ ധർമ്മപ്രചാരണത്തിനേ സാധിക്കൂ. മനുഷ്യരുടെ മനസ്സിലെ അബദ്ധ ധാരണകളെ തിരുത്തി ശാസ്ത്രീയ ചിന്തകൾ വളർത്താനാണ് ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരുദേവൻ അരുൾ ചെയ്തത്. മനുഷ്യത്വം ഇല്ലാതാവുമ്പോൾ ജീർണ്ണത ഉദയം ചെയ്യും. ഈ ജീർണ്ണത ഇല്ലാതാക്കുകയാണ് ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യം.
എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്ത് കാൽ നൂറ്റാണ്ടിലേറെയായി സേവനം നടത്തുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അദ്ദേഹം അഭിനന്ദിച്ചു. ശ്രീനാരായണ ധർമ്മപരിപാലനത്തിനൊപ്പം സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിനും ഊന്നൽ നൽകിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും സ്വാമി ശുഭാംഗാനന്ദ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |