കൊച്ചി: നവകേരള സദസിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'രക്ഷാപ്രവർത്തന"പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ അന്യായത്തിലെ തുടർനടപടികൾ ഹൈക്കോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തു. പരാതിയും അതിൽ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഇടക്കാല ഉത്തരവ്.
മജിസ്ട്രേട്ട് കോടതി അധികാര പരിധി മറികടന്ന് ഇടപെട്ടെന്നും, പ്രസംഗത്തിൽ അക്രമത്തിനുള്ള പ്രേരണയില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദത്തിൽ പ്രഥമദൃഷ്ട്യാ വസ്തുതയുണ്ടെന്നു വിലയിരുത്തിയാണ് സ്റ്റേ അനുവദിച്ചത്.മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കിൽ പരാതിക്കാരൻ ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ഹാജരാക്കണമെന്ന് സി.ജെ.എം കോടതി ജൂലായ് 3ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കു വേണ്ടി സീനിയർ അഭിഭാഷകൻ ബി. രാമൻപിളള ഹാജരായി.
'ഒറ്റപ്പെട്ട അക്രമങ്ങൾ മാത്രം;
എഫ.ഐ.ആറിൽ പേരില്ല'
2023 നവംബർ 21 ന് കണ്ണൂരിൽ നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം. പ്രസംഗത്തിന് ശേഷം ഒറ്റപ്പെട്ട രാഷ്ട്രീയ അക്രമങ്ങളുണ്ടായെങ്കിലും ബന്ധപ്പെട്ട എഫ്.ഐ.ആറിലൊന്നും തന്റെ പേരില്ലെന്ന് മുഖ്യമന്ത്രി ഹർജിയിൽ വ്യക്തമാക്കി.
അക്രമത്തിന് പ്രേരണയായത് മുഖ്യമന്ത്രിയുടെ പരാമർശമാണെന്നായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ പരാതി. എന്നാൽ ഇതിൽ വസ്തുതയില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് തള്ളിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന് പ്രേരണയായെന്ന് മജിസ്‌ട്രേട്ട് കോടതി അഭിപ്രായപ്പെട്ടത്. പ്രാഥമിക പരിശോധന പോലും മജിസ്‌ട്രേട്ട് നടത്തിയില്ല. അതിനാൽ, പൂർണമായും തെറ്റായ ഉത്തരവ് റദ്ദാക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |