തൊടുപുഴ: എം.എ കഴിഞ്ഞ് പൊതുപ്രവർത്തനവും കൃഷിയുമൊക്കെയായി പി.ജെ. ജോസഫ് പാട്ടുപാടി നടക്കുന്ന കാലം. ഒരു ദിവസം വൈകിട്ട് വീട്ടിലെത്തുമ്പോൾ മുറ്റത്തെ മാവിൻചുവട്ടിൽ വീണ മാമ്പഴങ്ങൾ കുട്ടയിലാക്കി ഒരു യുവതി. മൂത്ത സഹോദരി ത്രേസ്യാമ്മയെത്തി ആളെ പരിചയപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ത്രേസ്യാമ്മയുടെ ജൂനിയറായിരുന്നു, പേര് ശാന്ത. പുറപ്പുഴ പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോക്ടറായി എത്തിയതാണ്. ഹോസ്റ്റൽ കിട്ടാതെ വന്നപ്പോൾ ത്രേസ്യാമ്മ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. പുതിയ താമസക്കാരിയെത്തിയതൊന്നും പൊതുപ്രവർത്തനത്തിന്റെ തിരക്കിനിടയിൽ ജോസഫ് അറിഞ്ഞിരുന്നില്ല. ആദ്യ കാഴ്ചയിൽ തന്നെ ശാന്തയോട് പ്രേമം തോന്നി ജോസഫിന്. പിന്നീട് ഇരുവരും പ്രണയത്തിലായി. പി.ജെ എം.എൽ.എയായിരിക്കെ പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ 1971 സെപ്തംബർ 15ന് വിവാഹിതരായി. ആ മാഞ്ചുവട്ടിൽ നിന്ന് ആരംഭിച്ച പ്രണയം പിന്നീട് അരനൂറ്റാണ്ടിലേറെ തൊടുപുഴയാറ് പോലെ അനുസ്യൂതമൊഴുകി.
പി.ജെ. ജോസഫ് ശാന്തയ്ക്ക് ഔസേപ്പച്ചനായിരുന്നു. പ്രിയപ്പെട്ട ഔസേപ്പച്ചന്റെ ഇഷ്ടങ്ങളായിരുന്നു ശാന്തയുടെയും ഇഷ്ടം. സാരി പോലും ഔസേപ്പച്ചൻ വാങ്ങിയതേ ശാന്ത ഉടുക്കുമായിരുന്നുള്ളൂ. രാഷ്ട്രീയത്തിരക്കിനിടെ ജോസഫിന് കുടുംബം നോക്കാൻ സമയം കുറവായിരുന്നു. എന്നാൽ തിരക്കേറിയ ഗൈനക്കോളജിസ്റ്റായിരുന്നെങ്കിലും നാല് മക്കളുടെ വിദ്യാഭ്യാസവും കുടുംബകാര്യങ്ങളും കൃഷിയുമെല്ലാം നോക്കിയിരുന്നത് ശാന്തയായിരുന്നു. 25 വർഷം മുമ്പ് ആരോഗ്യ വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച ശേഷം പാലത്തിനാൽ വീടും ഔസേപ്പച്ചനുമായിരുന്നു ശാന്തയുടെ ലോകം. ഇരുപതോളം തൊഴിലാളികൾ, നാൽപതിലേറെ പശുക്കൾ, താറാവുകൾ, കൃഷി... ഒന്നിനും ഒരു കുറവും വരുത്താതെ അവർ നോക്കി നടത്തി. എല്ലാ ദിവസവും പത്രം വായിച്ച് രാഷ്ട്രീയകാര്യങ്ങളിൽ തന്റെ അഭിപ്രായം ഔസേപ്പച്ചനുമായി പങ്കുവയ്ക്കുമായിരുന്നു. പി.ജെ ഇല്ലാത്തപ്പോൾ വിവിധ ആവശ്യങ്ങളുമായി വീട്ടിലെത്തെന്നുവർക്ക് ആശ്വാസമേകിയിരുന്നതും ശാന്തയായിരുന്നു. എത്ര തിരക്കുണ്ടെങ്കിലും ആഴ്ച അവസാനം ജോസഫ് പുറപ്പുഴയിലെ പാലത്തിനാൽ തറവാട്ടിലെത്തും. ഞായറാഴ്ച ഇടവകയിലെ കുർബാനയിൽ ഒരുമിച്ച് പങ്കെടുക്കും. 2021 സെപ്തംബർ 15നായിരുന്നു അമ്പതാം വിവാഹ വാർഷികം.
ആലുവ വാരാപ്പുഴയിൽ ഉദ്യോഗസ്ഥ പശ്ചാത്തലത്തിലുള്ള കുടുംബത്തിലായിരുന്നു ശാന്ത ജനിച്ചത്. അമ്മയും ഡോക്ടറായിരുന്നു. അരനൂറ്റാണ്ടിലേറെയുള്ള ജോസഫിന്റെ രാഷ്ട്രീയജീവിതത്തിലെ പ്രതിസന്ധികളിലും വിവാദങ്ങളിലുമെല്ലാം കരുത്തായി നിന്ന അവർ രോഗത്തെ പുഞ്ചിരിയോടെ നേരിട്ട ധീര വനിതയായിരുന്നു. ഇനി പി.ജെയ്ക്കൊപ്പം ശാന്തയുടെ ഓർമ്മകൾ മാത്രം. ഈ അനശ്വര പ്രണയത്തിന് സാക്ഷിയായി ആ മാവ് ഇപ്പോഴും പാലത്തിനാൽ വീടിന്റെ മുറ്റത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |