തിരുവനന്തപുരം: പ്ലസ് വണ്ണിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചത് 72,666 കുട്ടികൾ. 4,859 പേർ പുതിയ അപേക്ഷകരും 67,807 പേർ നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്മെന്റിൽ ഉൾപ്പെടാതെ അപേക്ഷ പുതുക്കി നൽകിയവരുമാണ്. അപേക്ഷിക്കാനുള്ള സമയം ശനിയാഴ്ച വൈകിട്ട് അവസാനിച്ചു. നാളെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തുമെന്നാണ് അറിയുന്നത്. 50,816 മെറിറ്റ് സീറ്റുകൾ അവശേഷിക്കുമ്പോഴും സപ്ളിമെന്ററി അലോട്ട്മെന്റിൽ ഇനിയും 21,830 സീറ്റുകളുടെ കുറവുണ്ട്.
പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സീറ്റ് ദൗർലഭ്യം കൂടുതലുള്ളത്. അതിൽ ഒന്നാം സ്ഥാനം മലപ്പുറത്തിനാണ്. സപ്ളിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചിരിക്കുന്നത് 18014 പേരാണ്. മെറിറ്റൊഴിവ് 6812 മാത്രം. 11202 സീറ്റിന്റെ വ്യത്യാസം. പാലക്കാട് 8525 അപേക്ഷകരുണ്ടെങ്കിലും മെറിറ്റ് സീറ്റ് 4349 ഉള്ളൂ. 4176 സീറ്റിന്റെ വ്യത്യാസം. കോഴിക്കോട് അപേക്ഷകർ 8959 ഉം മെറിറ്റ് സീറ്റ് 5425 ആണ്. ഇവിടെ മാനേജ്മെന്റ് ക്വാട്ട സീറ്റൊഴിവ് ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും അതിൽ പ്രവേശനം നേടുന്നവരുടെ എണ്ണം വളരെ കുറവാണ്.
മാനേജ്മെന്റ് ക്വാട്ട, അൺഎയ്ഡഡ് വിഭാഗങ്ങളിലായി 40,000 ത്തിൽ അധികം സീറ്റുകൾ ബാക്കിയുണ്ട്. അപേക്ഷകരിൽ ലക്ഷത്തിലധികംപേർ വൊക്കേഷണൽ ഹയർസെക്കൻഡറി, ഐ.ടി.ഐ, പോളിടെക്നിക് കോഴ്സുകളിൽ ചേർന്നിരുന്നു.
ബി.എസ്സി നഴ്സിംഗ്
പാരാമെഡിക്കൽ പട്ടികയായി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ. അപേക്ഷാർത്ഥികൾ ഇത് പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ ഈ മാസം 11ന് വൈകിട്ട് 5ന് മുമ്പ് അപ്ലോഡ് ചെയ്യണം. അതല്ലെങ്കിൽ അപേക്ഷ നിരസിക്കും. ക്ലെയിമുകൾ നൽകാനാവില്ല. ഫോൺ: 0471-2560363,364.
പുനർമൂല്യനിർണയം ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂലായിൽ നടന്ന ഹയർസെക്കൻഡറി രണ്ടാംവർഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.dhsekerala.gov.in ൽ.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ
31 ഒഴിവ്
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ 31 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. സെപ്തംബർ 11 വരെ ഓൺലൈനായി www.ftii.ac.in ൽ അപേക്ഷിക്കാം. പ്രൊഫസർ (ഡയറക്ഷൻ, സിനിമാട്ടോഗ്രഫി), അസോ.പ്രൊഫസർ (ഡയറക്ഷൻ, സ്ക്രീൻ റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, ഇലക്ട്രോണിക്ക് സിനിമാട്ടോഗ്രഫി), അസി.പ്രൊഫസർ ( ഡയറക്ഷൻ, സൗണ്ട്, സ്ക്രീൻ റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, ആർട്ട് ഡയറക്ഷൻ), അക്കാഡമിക് കോ- ഓർഡിനേറ്റർ, അസോഷ്യേറ്റ് മെയിന്റനൻസ് എൻജിനിയർ, അസി. ഡിജിറ്റൽ കളറിസ്റ്റ്, ഷൂട്ടിംഗ് കോ- ഓർഡിനേറ്റർ, സൈക്യാട്രിസ്റ്റ്, ലീഗൽ അഡ്വൈസർ എന്നീ പോസ്റ്റുകളിലാണ് നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |