
കൊല്ലം: തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണ് മന്ത്രിമാരും സർക്കാരിനെ പിന്തുണയ്ക്കുന്നവരും വർഗ്ഗീയത പറയുന്നതെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്രയും വർഗ്ഗീയത ഇതിന് മുൻപ് സി.പി.എം പറഞ്ഞിട്ടില്ല. ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യമാക്കി നടത്തുന്ന പ്രചാരണം സി.പി.എമ്മിന്റെ ആത്മവിശ്വാസക്കുറവാണ് വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപാണ് ഇത് തുടങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം ഈ നീക്കം തള്ളിയത് മനസിലാക്കണം. മാറി മാറി കാർഡ് ഇറക്കുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനാണ് ശ്രമിച്ചത്. അപ്പോഴും യു.ഡി.എഫ് ജയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് എടുത്തപ്പോഴും യു.ഡി.എഫ് ജയിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മതസൗഹാർദ്ദത്തിന്റെയും മതേതരത്വത്തിന്റെയും പാരമ്പര്യമാണ് ലീഗ് ഉയർത്തുന്നതെന്ന് മ
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നാല് വോട്ടുകൾക്ക് വേണ്ടി വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കുക ലീഗിന്റെ ലക്ഷ്യമല്ലെന്നും തങ്ങൾ പറഞ്ഞു.
സമുദായ സംഘടനകൾ
ഒന്നിക്കുന്നത് നല്ലത്:
മന്ത്രി ശിവൻകുട്ടി
തൃശൂർ: കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനായി സമുദായ സംഘടനകൾ ഒന്നിച്ചുപോകുന്നത് നല്ലതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന് ശ്രീനാരായണ ഗുരുദേവന്റെയും എൻ.എസ്.എസിന് മന്നത്ത് പത്മനാഭന്റെയും കെ.പി.എം.എസിന് അയ്യങ്കാളി അടക്കമുള്ളവരുടെയും പാരമ്പര്യമുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന സംഘടനകളാണിതെല്ലാം. ആ സംഘടനകൾക്ക് നൽകേണ്ട ബഹുമാനം കൊടുക്കാതിരിക്കുന്നതും വിമർശിക്കുമ്പോൾ അതിര് കടക്കുന്നതും ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു.
മുഖ്യമന്ത്രി ആരാവണമെന്ന തർക്കം ഞങ്ങളിലില്ല. പാർട്ടി കേന്ദ്രകമ്മിറ്റിക്ക് ശേഷം പിണറായി വിജയൻ തിരഞ്ഞെടുപ്പിനെ നയിക്കുമെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വി.ഡി. സതീശന് പാർട്ടിയുടെ
പൂർണ പിന്തുണ: മുരളീധരൻ
ആലുവ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ .പാർട്ടി നിലപാടാണ് സതീശൻ പറയുന്നത്. ആര് വിമർശിച്ചാലും ഒറ്റക്കെട്ടായി എതിർക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ ആരും മൂലയ്ക്കിരുത്തിയിട്ടില്ല. തെറ്റു പറ്റിയാൽ നിയന്ത്രിക്കാൻ ഹൈക്കമാൻഡുണ്ട്.
എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും യോജിച്ച് പോകുന്നത് സമുദായങ്ങൾക്ക് നല്ലതാണ്. ഇതിന്റെ പേരിൽ രാഷ്ട്രീയ ചലനമുണ്ടാകുമെന്നാണ് ചർച്ചയെങ്കിലും അയ്യപ്പന്റെ സ്വർണം കട്ടവർക്ക് ജനം വോട്ട് ചെയ്യില്ല. മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സി.പി.എം സമ്പൂർണമായി സംഘപരിവാർ അജണ്ടയിലേക്ക് മാറിയതിന് തെളിവാണ്.
ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോൾ വിമർശിച്ച സി.പി.എം നേതാക്കൾ എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേർന്നപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല.
വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന അഭിപ്രായമില്ല. അദ്ദേഹത്തിന്റെ മലപ്പുറം പ്രസ്താവനയോടാണ് വിയോജിപ്പുള്ളത്. സമുദായ നേതാക്കളെ കാണുന്നത് തിണ്ണ നിരങ്ങലല്ല. താനും സന്ദർശിക്കാറുണ്ടെന്നും മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |