തിരുവനന്തപുരം : ആർ.എസ്.എസിന്റെ ഫാസിസത്തെ അനുകരിച്ച് കോൺഗ്രസ് നേതൃത്വം അക്രമത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ധീരജിന്റെ കൊലപാതകം അതിന് തെളിവാണെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
കലാപ ഭൂമിയാക്കാൻ
ശ്രമം: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിലൂടെ കേരളത്തെ കലാപഭൂമിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നത്. പൈശാചികമായ കൊലപാതകമാണ് ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റേത്.
വികസനത്തെ കായികമായി നേരിടുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രഖ്യാപനം. സർവേക്കല്ല് പിഴുതെറിയും എന്ന് ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ്.
കാമ്പസ് കൊല
അനുവദിക്കില്ല: മന്ത്രി ബിന്ദു
തിരുവനന്തപുരം: കാമ്പസിന് പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആസൂത്രിതവും സംഘടിതവുമായി നടത്തിയ കൊലപാതകമാണ് ധീരജിന്റേതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കാമ്പസുകളെ കൊലക്കളമാക്കുന്നത് ഇനിയും വച്ചുപൊറുപ്പിക്കാനാവില്ല. കൊലപാതകികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. കലാലയങ്ങളിൽഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും തുടർനടപടികളും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകും.
ജനങ്ങൾ പ്രതികരിക്കണം: പന്ന്യൻ രവീൻ
തിരുവനന്തപുരം:വിദ്യാഭ്യാസ കേന്ദ്രങ്ങൾ സമാധാനപരമായിരിക്കണം. ആയുധവുമായി പോയി എതിരാളികളെ ആക്രമിക്കലല്ല വിദ്യാർത്ഥി രാഷ്ട്രീയം. ഇത്തരം അവസ്ഥ അപകടകരമാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻപറഞ്ഞു.
അപലപനീയം:
കൊടിക്കുന്നിൽ
തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകനായ ധീരജ് കൊല്ലപ്പെട്ടത് അപലപനീയവും സംഭവിക്കാൻ പാടില്ലാത്തതുമാണെങ്കിലും കഴിഞ്ഞ കുറേ നാളുകളായി എസ്.എഫ്.ഐ കാമ്പസുകളിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഏകാധിപത്യ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ രക്തസാക്ഷിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
കുറ്റക്കാരെ സംരക്ഷിക്കില്ല:
കെ.എസ്.യു പ്രസിഡന്റ്
കോഴിക്കോട്: എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു.ആരെയെങ്കിലും അക്രമത്തിലൂടെ കീഴ്പ്പെടുത്തിയാൽ പ്രസ്ഥാനം വളരുമെന്ന കാഴ്ചപ്പാടല്ല കെ.എസ്.യുവിന്.
കെ.എസ്.യുവിനെതിരെ
എ.ഐ.വൈ.എഫ്
തിരുവനന്തപുരം കെ.എസ്.യുവും യൂത്ത് കോൺഗ്രസും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.ഇടുക്കി പൈനാവ് എൻജിനിയറിംഗ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കെ.എസ്.യു യൂത്ത് കോൺഗ്രസ് നടപടി അപലപനീയമാണ്. ഇത്തരം വിദ്യാർത്ഥി സംഘടനകളെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |