തൃശൂർ: തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് പിന്നാലെ പൂര വിവാദം കൂട്ടപ്പൊരിച്ചിലിലേക്ക്. പൂരം കലക്കിയത് തന്നെയാണെന്ന് സി.പി.ഐ വ്യക്തമാക്കിയതോടെ, വിവാദം വീണ്ടും കൊഴുത്തു. പൂരം കലക്കിയതാണെന്ന് മന്ത്രിമാർ വരെ നിയമസഭയിൽ പറഞ്ഞതാണെന്ന് കോൺഗ്രസ് ആവർത്തിക്കുമ്പോൾ, മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.
ഇതോടെ, ഈ ഉപതിരഞ്ഞെടുപ്പിലും പൂരം പ്രചാരണായുധമായി. ചേലക്കരയിലും പാലക്കാടുമുള്ള പൂര പ്രേമികളുടെ വോട്ടാണ് ലക്ഷ്യം. തൃശൂർ പൂരത്തിന്റെ എഴുന്നള്ളിപ്പും വെടിക്കെട്ടും ചർച്ചയായിട്ടുണ്ട്. വെടിക്കെട്ട് പ്രതിസന്ധിക്ക് വഴി വച്ചേക്കാവുന്ന കേന്ദ്രസർക്കാരിന്റെ വിജ്ഞാപനവും ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലവും ഫയർലൈനും തമ്മിലുള്ള അകലം 45 മീറ്ററിൽ നിന്ന് 200 മീറ്ററാക്കുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾക്കെതിരെയാണ് ദേവസ്വങ്ങളുടെ പ്രതിഷേധം. ഇതിനിടെ, ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കഴിഞ്ഞദിവസം ഹൈക്കോടതിയും നിരീക്ഷിച്ചു. കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും പിടിച്ചുകൊണ്ടു വരുമായിരുന്നെന്നും ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ആന എഴുന്നള്ളിപ്പിന് മാർഗനിർദ്ദേശം പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
തൃശൂർ പൂരം കലക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. വിജയിച്ചില്ല.
-എം.വി.ഗോവിന്ദൻ
സി.പി.എം സംസ്ഥാന സെക്രട്ടറി
പൂരവുമായി ബന്ധപ്പെട്ട് വ്യക്തിപരമായും രാഷ്ട്രീയപരമായ കാരണങ്ങൾ നിയമസഭയ്ക്ക് അകത്തും പുറത്തും വ്യക്തമായി പറഞ്ഞിട്ടുണ്ട്. പുതിയ കാര്യങ്ങളൊന്നും ചർച്ച ചെയ്യേണ്ടതില്ല.
-മന്ത്രി കെ.രാജൻ
ജാതിമതഭേദമന്യേ തൃശൂരുകാർ ആഘോഷിക്കുന്ന പൂരം ഭംഗിയായി നടത്താൻ സർക്കാർ തലത്തിലും ഉദ്യോഗസ്ഥതലത്തിലും സൗകര്യം ഒരുക്കുകയാണ് വേണ്ടത്.
-കെ.ഗിരീഷ് കുമാർ
സെക്രട്ടറി, തിരുവമ്പാടി ദേവസ്വം.
കഴിഞ്ഞത് ചർച്ച
ചെയ്തിട്ട് കാര്യമില്ല:
പാറമേക്കാവ്
തൃശൂർ: കഴിഞ്ഞ പൂരത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നും വേണ്ടത് പുതിയ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്. രണ്ട് വലിയ പ്രശ്നങ്ങളാണ് അടുത്ത പൂരത്തിന് തടസമായി നിൽക്കുന്നത്. കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവന്ന വെടിക്കെട്ട് നിയന്ത്രണം,നാട്ടാന പരിപാലന നിയമഭേദഗതിയുടെ കരട്. വെടിക്കെട്ടിനും ആനയെഴുന്നള്ളിപ്പിനും തടസമായി നിൽക്കുന്നതാണിത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇവ രണ്ടും പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |