തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് നടത്തുന്ന ത്രിതല അന്വേഷണ സംഘത്തിന് ഇന്നലെ മൊഴി നൽകി മുൻ മന്ത്രി വി.എസ് സുനിൽ കുമാർ. പൊലീസിനൊപ്പം നിന്ന് പൂരം കലക്കിയത് ആരാണെന്നറിയണമെന്ന് അദ്ദേഹം പറഞ്ഞു. അന്നേ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് തരാൻ പറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്. സുരേഷ് ഗോപി വന്നിരുന്ന ആംബുലൻസിന് വഴിയൊരുക്കി കൊടുത്തത് ഏത് പൊലീസാണ്. പൂരം എഴുന്നള്ളിപ്പിന് ബാരിക്കേഡ് കെട്ടിയ അതെ പൊലീസുകാരാണ് സുരേഷ് ഗോപിക്കായി വഴി തുറന്നുകൊടുത്തത്. ശ്രീമൂലസ്ഥാനത്തും പൂരം അലങ്കോലപ്പെട്ട സമയത്തും ഇടതുപക്ഷം പൂരം തടസപ്പെടുത്തിയെന്നും സുരേഷ് ഗോപിയാണ് തടസം നീക്കിയതെന്നും പ്രഖ്യാപനം നടത്തിയിരുന്നു. ഇങ്ങനെ ശ്രീമൂലസ്ഥാനത്ത് പ്രഖ്യാപനം ആര് നടത്തിയെന്ന് അറിയണമെങ്കിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറെ നടയിലൂടെ ആർ.എസ്.എസ് - ബി.ജെ.പി നേതാക്കൾ നടത്തിയ ജാഥ എന്തിനുള്ളതായിരുന്നു. അത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
100 ഏക്കറിൽ "ബസ്സ്" സ്ഥാപിക്കണം
തിരുവനന്തപുരം : കൊച്ചി സ്മാർട്ട് സിറ്റിയുടെ ആവശ്യത്തിനായി കെ.എസ്.ഇ.ബിയിൽ നിന്നും ഏറ്റെടുത്ത നൂറേക്കർ ഭൂമി ടീകോമിൽ നിന്നും തിരിച്ചു പിടിക്കുമ്പോൾ "ബസ്സ് "നായി (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം ) ഉപയോഗപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ വൈദ്യുതി മന്ത്രിക്കും സി.എം.ഡി ക്കും നിവേദനം നൽകി . പത്തനംതിട്ടയിലെ മണിയാർ പ്രോജക്ട് 30 വർഷ കരാർ കാലാവധി പൂർത്തിയാക്കുമ്പോൾ അതിന്റെ ഉടമസ്ഥാവകാശം കെ.എസ്.ഇ.ബിക്ക് നൽകണമെന്നും കരാർ നീട്ടി നൽകരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
മൂലൂർ അവാർഡിന് കൃതികൾ ക്ഷണിച്ചു
പത്തനംതിട്ട : ഇലവുംതിട്ട മൂലൂർ സ്മാരക സമിതിയുടെ മൂലൂർ അവാർഡിന് കവിതാ സമാഹാരങ്ങൾ ക്ഷണിച്ചു. 25,001 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. പുസ്തകത്തിന്റെ നാലു കോപ്പികൾ ജനുവരി 15 ന് മുമ്പ് സെക്രട്ടറി, മൂലൂർ സ്മാരക സമിതി, ഇലവുംതിട്ട പി. ഒ. പിൻ. 689625 എന്ന വിലാസത്തിൽ അയയ്ക്കണം. ഫെബ്രുവരി 26ന് അവാർഡ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |