ന്യൂഡൽഹി: ദുരന്തമുഖത്ത് അസാമാന്യ സഹിഷ്ണുതയും പോരാട്ടവീര്യവും പ്രകടിപ്പിച്ച വയനാട് ജനതയുടെ പ്രതിനിധിയാകുന്നത് ബഹുമതിയാകുമെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടുകാർക്കായി അയച്ച തുറന്ന കത്തിലാണിത്.
ദുരന്തത്തിന്റെ നിസ്സഹായതയിലും അപാരമായ ധൈര്യവും മനക്കരുത്തുമാണ് വയനാട്ടുകാർ പ്രദർശിപ്പിച്ചതെന്ന് പ്രിയങ്ക പറയുന്നു. താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തിയോടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാരും അണിനിരന്നു. സഹകരിക്കുകയും പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്‌ത മാനവികത ആഴത്തിൽ സ്പർശിച്ചു.
വയനാട്ടുകാരെ പാർലമെന്റിൽ പ്രതിനിധീകരിക്കാനുള്ള അവസരം ഒരു ബഹുമതിയായി ഞാൻ കരുതുന്നു. പരസ്പരം ബഹുമാനിക്കാനും പ്രയാസകരമായ സമയത്തും തലയുയർത്തി നിൽക്കാനും അറിയാവുന്ന ഈ ധീര സമൂഹത്തിന്റെ ഭാഗമാകുന്നത് ബഹുമതിയാണ്. നിങ്ങളിൽ നിന്ന് പഠിക്കാനും നേരിടുന്ന വെല്ലുവിളികൾ മനസിലാക്കാനും ആഗ്രഹിക്കുന്നു.
സഹോദരൻ രാഹുൽ ഗാന്ധിക്ക് വയനാടുമായി ആഴത്തിലുള്ള ബന്ധത്തിലും അഭിമാനിക്കുന്നു. വയനാട്ടുകാരുടെ സ്‌നേഹത്തിന് അദ്ദേഹം കടപ്പെട്ടിരിക്കുന്നു. വയനാട് വിട്ടതിലുള്ള രാഹുലിന്റെ ദു:ഖം, മണ്ഡലത്തിനായി പ്രവർത്തിച്ച് പരിഹരിക്കാൻ തനിക്ക് സാധിക്കും. നിങ്ങൾക്കുവേണ്ടി പോരാടാനും പാർലമെന്റിൽ യോജിച്ച പ്രതിനിധിയാകും ആകുന്നതെല്ലാം ചെയ്യും. വയനാട്ടിലെ പ്രശ്‌നങ്ങളും കർഷകരും ആദിവാസികളും സ്‌ത്രീകളും നേരിടുന്ന ബുദ്ധിമുട്ടുകളും രാഹുൽ പറഞ്ഞിട്ടുണ്ട്. ആ വെല്ലുവിളികൾ നേരിടാൻ നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കും.
ഈ യാത്രയിൽ നിങ്ങൾ എന്റെ വഴികാട്ടികളും അദ്ധ്യാപകരും ആണ്. ജനാധിപത്യത്തിനും നീതിക്കും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണ് തന്റെ ജീവിതം. ആ പോരാട്ടം വയനാടിനൊപ്പം തുടരാൻ ആഗ്രഹിക്കുന്നുവെന്നും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |