കരുനാഗപ്പള്ളി: കൊതിമുക്ക് വട്ടക്കായലിൽ കുളവാഴ വില്ലനായതോടെ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലായി. പള്ളിക്കലാറിന്റെയും പശ്ചിമതീര കനാലിന്റെയും സംഗമ സ്ഥാനമായ വട്ടക്കായലാണ് മാസങ്ങളായി കുളവാഴ കിടക്കുന്നത്. ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് കായലിൽ വല നീട്ടാൻ കഴിയാതായി. കുളവാഴയുടെ വേരുകൾ കായലിന്റെ അടിത്തട്ടിൽ വരെ നീണ്ട് കിടക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇനി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അറബിക്കടലിൽ നിന്ന് വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം കായയിലേക്ക് കടന്ന് വേരുകൾ അഴുകി വേണം കുളവാഴകൾ നശിക്കാൻ. ഇതിന് ശേഷം മാത്രമേ മത്സ്യബന്ധനം പുനരാരംഭിക്കാൻ കഴിയു എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഉപ്പ് വെള്ളം വരുന്നതു വരെ
400 ഏക്കർ വിസ്തൃതിയിലാണ് കൊതുമുക്ക് വട്ടക്കായൽ വിശാലമായി കിടക്കുന്നത്. കരുനാഗപ്പള്ളി താലൂക്കിലെ ഏറ്റവും വലിയ ജലസംഭരണിയാണിത്. മഴക്കാലത്ത് മഴ വെള്ളത്തൊടൊപ്പം ഒഴുകി എത്തുന്നതാണ് കുളവാഴകൾ. കൃഷി അന്യ നിന്നതോടെയാണ് കുളവാഴകൾ കായലിൽ താവളം ഉറപ്പിച്ചത്. കൃഷി ഉള്ളപ്പോൾ നിലം വൃത്തിയാക്കുന്നതിന്റെ ഭാഗമായി തഴത്തോടുകളും വൃത്തിയാക്കുമായിരുന്നു. കൃഷിക്ക് വിനയാകുമെന്ന് കണ്ട് കർഷകർ കുളവാഴ വാരി നശിപ്പിക്കുമായിരുന്നു. രാസപ്രയോഗം നടത്തി കുളവാഴകളെ ഇപ്പോൾ നശിപ്പിക്കാൻ കഴിയും. രാസപ്രയോഗം നടത്തുമ്പോൾ മത്സ്യങ്ങളും ചത്ത് പൊങ്ങും. അത് മത്സ്യങ്ങളുടെ നാശത്തിന് വഴി തെളിക്കും. അതുകൊണ്ട് ഉപ്പ് വെള്ളം വരുന്നതു വരെ കാത്തിരിക്കുക അല്ലാതെ മറ്റ് നിർവാഹമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |