
തിരുവനന്തപുരം: അഞ്ച് എസ് എഫ് ഐ നേതാക്കൾ ഉൾപ്പെട്ട പി എസ് സി പരീക്ഷാത്തട്ടിപ്പ് കേസിലെ കുറ്റപത്രം ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് തിരുവനന്തപുരം സി ജെ എം കോടതി മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
സംഭവം നടന്ന് നാലുവർഷങ്ങൾക്കുശേഷം കഴിഞ്ഞയാഴ്ചയാണ് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കോടതി കുറ്റപത്രം പരിശോധിച്ചത്. തുടർന്ന് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രം അന്വേഷണ സംഘത്തിന് മടക്കി അയക്കുകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളായ അഞ്ച് എസ് എഫ് ഐ നേതാക്കളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
എസ് എഫ് ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവർ പി എസ് സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പിലൂടെ റാങ്ക് പട്ടികയിൽ ഇടം നേടുകയായിരുന്നു. ഒന്ന്, രണ്ട്, 28 റാങ്കുകളാണ് തട്ടിപ്പിലൂടെ ഇവർ നേടിയത്. പിന്നാലെ ഇവർ റാങ്ക് നേടിയത് ക്രമക്കേടിലൂടെയാണെന്ന് ആരോപണം ഉയരുകയും സംഭവത്തിൽ അന്വേഷണം നടക്കുകയും ചെയ്തു. തുടർന്ന് പരീക്ഷയിൽ ഇവർക്ക് പുറത്തുനിന്ന് സഹായം ലഭിച്ചതായി കണ്ടെത്തിയിരുന്നു. പൊലീസുകാരനായ ഗോകുൽ സുഹൃത്തുക്കളായ സഫീർ, പ്രവീൺ എന്നിവരാണ് ശിവരഞ്ജിത്തിനെയും നസീമിനെയും പ്രണവിനെയും പരീക്ഷയിൽ സഹായിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |