
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ യുഡിഎഫിന് വൻ വിജയമുണ്ടാകുമെന്ന അവകാശവാദവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി വി അൻവർ. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പി വി അൻവറിന്റെ സർവേ റിപ്പോർട്ട്. തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച പോഡ്‌കാസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
മേഖല അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോൾ മലബാറിൽ 60ൽ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സർവേയിൽ കാണിക്കുന്നത്. മദ്ധ്യകേരളത്തിൽ 32ൽ 21ഉം തെക്കൻ കേരളത്തിൽ 48ൽ 25ഉം സീറ്റ് യുഡിഎഫ് നേടുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നത്. ബേപ്പൂരിൽ പി വി അൻവർ ജയിക്കുമെന്നും സർവേയിൽ പറയുന്നു. മലമ്പുഴയിൽ എസ് സുരേഷ് ജയിക്കുമെന്നും മലപ്പുറത്തെയും വയനാട്ടിലെയും മുഴുവൻ സീറ്റുകളും യുഡിഎഫ് നേടുമെന്നുമാണ് പി വി അൻവറിന്റെ സർവേയിൽ കാണിക്കുന്നത്.
പേരാമ്പ്രയിലും ബാലുശേരിയിലും എലത്തൂരിലും ശക്തമായ മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്. മലബാറിൽ ആന്റി പിണറായി തരംഗം ആഞ്ഞുവീശും. ധർമടത്തും ഭൂരിപക്ഷം പതിനായിരത്തിലോ അതിൽ താഴെയോ വരാം. പിണറായി വിജയൻ പരാജയപ്പെട്ടാലും ഞെട്ടണ്ടെന്നും അൻവർ പറഞ്ഞു.
ഇന്നാണ് വിവിധ ഏജൻസികളുടെ എക്‌സിറ്റ് ഫോൾ ഫലങ്ങൾ പുറത്തുവരുന്നത്. 18 ദേശീയ മാദ്ധ്യമങ്ങളുടെയും ഏജൻസികളുടെയും എക്‌സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് വരുന്നത്. മേയ് നാല് തിങ്കളാഴ്‌ചയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |