
തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാരിന്റെ നിർബന്ധമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തിരുവനന്തപുരം ഗവ.വിമൻസ് കോളേജിൽ 'സി.എം. റിസർച്ച് സ്‌കോളർഷിപ്പ് പദ്ധതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റ് സ്‌കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്ത, സംസ്ഥാനത്തെ സർവകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 10,000 രൂപ നിരക്കിൽ 3 വർഷം വരെ സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾക്ക് ഗതിവേഗം പകരുന്നതിനൊപ്പം സംസ്ഥാനത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഫെല്ലോഷിപ്പുകളിൽ ഒന്നാണ്. അർബുദ ചികിത്സയ്ക്കുള്ള മരുന്ന് ഗവേഷണം ഉൾപ്പെടെ നാടിന് പ്രയോജനകരമായ ഒട്ടേറെ പദ്ധതികൾ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഗീത കോളേജുകളിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകളെക്കുറിച്ചും കരിക്കുലം, സിലബസ് എന്നിവയുടെ പരിഷ്‌കരണത്തെക്കുറിച്ചും തയാറാക്കിയ റിപ്പോർട്ട് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. കെ. ഓമനക്കുട്ടി മന്ത്രി ഡോ. ആർ. ബിന്ദുവിന് കൈമാറി. ആന്റണി രാജു എം.എൽ.എ അധ്യക്ഷനായി. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ, കോർപ്പറേഷൻ കൗൺസിലർ രാഖി രവികുമാർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സുനിൽ ജോൺ ജെ, ഡെപ്യൂട്ടി ഡയറക്ടർ വി.എസ്. ജോയ്, കോളേജ് പ്രിൻസിപ്പൽ ഡോ ഉമാ ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |