തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. ഹണി റോസിനോടുള്ള ആദരവോട് കൂടിയ വിമർശനമാണ് താൻ നടത്തിയതെന്നാണ് രാഹുൽ ഈശ്വർ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ബോബി ചെമ്മണ്ണൂർ ചെയ്ത നല്ല കാര്യങ്ങളെ നല്ല കാര്യങ്ങളായും തെറ്റിനെ തെറ്റായും എടുക്കുമെന്ന് രാഹുൽ പറഞ്ഞു. കേസ് വന്നാലും ഇതിൽ ഒരിഞ്ച് പിന്നോട്ട് പോവില്ലെന്നും ഇത് പുരുഷന്മാർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പോരാട്ടവും നിലപാടുമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
'എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ആളാണ് ബോചെ. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ദ്വയാർത്ഥ പ്രയോഗം തെറ്റാണെന്നും അതിന് ഹണിയോട് മാപ്പ് പറയണമെന്നും ആദ്യം മാദ്ധ്യമങ്ങളിൽ പറഞ്ഞ വ്യക്തി ഒരുപക്ഷേ ഞാനാവും. ബോചെയുടെ നന്മകൾ കൊണ്ട് നമ്മൾ അദ്ദേഹത്തിന്റെ ദ്വയാർത്ഥ പ്രയോഗങ്ങളെ അംഗീകരിക്കരുത്.
എന്നാൽ അദ്ദേഹത്തിന്റെ ദ്വയാർത്ഥ പ്രയോഗം കൊണ്ട് ബൊചെ ഇതേവരെ നാടിനും ജനങ്ങൾക്കും ചെയ്ത സേവനങ്ങളെ മറക്കരുത്. എല്ലാം കറുപ്പും വെളുപ്പുമായി കാണുന്നത് ബുദ്ധിമുട്ടാണ്. ഏത് കേസ് വന്നാലും ഒരിഞ്ച് പിന്നോട്ട് പോവില്ല. ഇത് പുരുഷന്മാർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പോരാട്ടവും നിലപാടുമാണ്. ഇതുവരെ സ്ത്രീജനങ്ങൾ തന്ന വലിയ പിന്തുണയ്ക്ക് നന്ദി. ഹണി റോസിനോടുള്ള ആദരവോട് കൂടിയ വിമർശനമാണ് നടത്തിയത്. എല്ലാവരെയും വിമർശിക്കാനുള്ള അവകാശം ഭരണഘടന നമുക്ക് തരുന്നുണ്ട്. ഹണി റോസിനെ മാത്രം വിമർശിക്കാൻ പാടില്ലയെന്ന് പറയുന്നതിൽ എന്തെങ്കിലും ന്യായമുണ്ടോ?',- രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |