
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന പുതിയ പരാതിയിൽ വീണ്ടും പ്രതികരിച്ച് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ യുവതിയാണ് രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകിയത്. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കോടതി വിധിയിൽ ആ സ്ത്രീ അതിജീവിതയല്ലെന്നാണ് പറയുന്നതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. അധിക്ഷേപിച്ചല്ല താൻ വീഡിയോ ചെയ്തതെന്നും അവരുടെ ഭർത്താവിന്റെ വീഡിയോയ്ക്ക് പ്രതികരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
'അതിജീവിതയെന്ന് പറഞ്ഞാൽ ജീവിതത്തിൽ യഥാർത്ഥത്തിൽ വേദന അനുഭവിച്ച് അതിനെ അതിജീവിച്ചവരാണ്. എന്നാൽ ഈ പെൺകുട്ടി കോടതി വിധി പ്രകാരം അതിജീവിതയല്ല. ഈ പെൺകുട്ടിയെ ഞാൻ അധിക്ഷേപിച്ചിട്ടില്ല. ആ പെൺകുട്ടിയുടെ ഭർത്താവിന്റെ വീഡിയോ വച്ചാണ് ഞാൻ ഒരു വീഡിയോ ചെയ്തത്. വീണ്ടും എന്നെ വ്യാജക്കേസിൽകൂടുക്കാനാണ് ശ്രമിക്കുന്നത്. പരാതിക്കാരിയുടെ ഭർത്താവിന്റെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. അത് പറഞ്ഞാൽ അത് പുറത്തുവിട്ടെന്ന് പറഞ്ഞ് അടുത്ത കേസ് കൊടുക്കും.
പരാതിക്കാരി പറഞ്ഞ പീഡനം എന്ന പരാതി നിലനിൽക്കില്ല. ഇത് കോടതിയുടെ വിധിയാണ്. അതിനാൽ ആ സ്ത്രീ അതിജീവിതയല്ല. പരാതിക്കാരി മാത്രമാണ്. അതിജീവിത എന്ന വാക്ക് ഒരു പരിശുദ്ധ വാക്കാണ്. ഈ പെൺകുട്ടിയെ ഞാൻ അധിക്ഷേപിച്ചില്ല. സത്യം മാത്രമാണ് പറഞ്ഞത്:- രാഹുൽ ഈശ്വർ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനപരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 16 ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞതിനുശേഷമാണ് രാഹുൽ ഈശ്വറിന് കർശനവ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകൾ രാഹുൽ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പുതിയ പരാതി നൽകിയത്. കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബം തകർത്തെന്നായിരുന്നു യുവതിയുടെ ഭർത്താവ് പരാതിയിൽ പറഞ്ഞത്. ഇതിനെക്കുറിച്ച് രാഹുൽ യുവാവിനെ പിന്തുണച്ചുകൊണ്ട് പുതിയ വീഡിയോ ചെയ്തിരുന്നു. ഇതോടെയാണ് യുവതി പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |