
കൊല്ലം: മൂന്നാം ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് തിരുവല്ല കോടതി. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനുണ്ടെന്ന എസ്‌ഐടിയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഏഴുദിവസത്തെ കസ്റ്റഡിയാണ് എസ്‌ഐടി ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസമായി ചുരുക്കുകയായിരുന്നു. ജനുവരി 15ന് വൈകിട്ട് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കണം. 16ന് ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
കോടതി വളപ്പിൽ നിരവധി യുവജനസംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നുണ്ട്. സുരക്ഷ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
അതേസമയം, അറസ്റ്റ് ചട്ടവിരുദ്ധമാണെന്നാണ് പ്രതിഭാഗം വാദിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തന്നെ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാനാണ് ശ്രമം. മെനഞ്ഞെടുത്ത കേസാണിത്. ചാടിക്കേറിയുള്ള അറസ്റ്റാണ് ഉണ്ടായതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഇലക്‌ട്രോണിക് തെളിവുകൾ ഉൾപ്പെടെ കണ്ടെടുക്കണമെന്നും പാലക്കാട് എത്തിക്കണമെന്നുമുള്ള എസ്ഐടിയുടെ ആവശ്യം അംഗീകരിച്ച് കോടതി രാഹുലിനെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
വിവാഹിതയായ കോട്ടയം സ്വദേശിയായ 31കാരി കാനഡയിൽ നിന്ന് ഇ-മെയിലിലൂടെ ജനുവരി അഞ്ചിന് നൽകിയ പരാതിയിലാണ് എംഎൽഎ അറസ്റ്റിലായത്. 2024 ഏപ്രിൽ എട്ടിന് തിരുവല്ലയിലെ ഹോട്ടലിൽ വച്ചാണ് പീഡിപ്പിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കാനഡയിൽ താമസിക്കുന്ന യുവതി താമസിയാതെ നാട്ടിലെത്തി മൊഴി നൽകുമെന്നും വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |