
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ യാതൊരു തരത്തിലും ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് കോൺഗ്രസ്. പാർട്ടിയിൽ നിന്ന് പുറത്തായ ആളിന് ഒരു പിന്തുണയും അറിയിക്കില്ലെന്നാണ് കോൺഗ്രസിന്റെ വാദം. സംഭവത്തിൽ കോൺഗ്രസ് മുതിർന്ന നേതാവ് കെ മുരളീധരനും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പാർട്ടിയിൽ നിന്ന് പുറത്തായ ആളുടെ അറസ്റ്റിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. പാർട്ടി പുറത്താക്കിയ ആൾ എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ പറയാൻ പറ്റില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. 'ഉചിതമായ തീരുമാനങ്ങൾ സർക്കാരും പൊലീസും തീരുമാനിക്കട്ടെ. കോൺഗ്രസ് ഒരിക്കലും തെറ്റ് ന്യായീകരിക്കില്ല. ആ സംസ്‌കാരം തങ്ങൾക്കില്ല. ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല. അതിന് ഞങ്ങൾക്ക് എന്തുത്തരവാദിത്തമാണ്. പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകൾക്ക് മറുപടിയില്ല. രാഹുൽ എന്നേ സ്വയം രാജിവച്ച് പോകേണ്ടതായിരുന്നു' -അദ്ദേഹം കൂട്ടിച്ചർത്തു.
തെറ്റ് ചെയ്‌തെങ്കിൽ അറസ്റ്റ് ചെയ്‌തോട്ടെയെന്നും രാഹുലിനെ ഒരുവിധത്തിലും പിന്തുണയ്ക്കുകയുമില്ലെന്നും എ തങ്കപ്പൻ പറഞ്ഞു. കോൺഗ്രസ് അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. യാതൊരു തരത്തിലുള്ള ബന്ധവും രാഹുലുമായി പാർട്ടിക്കില്ല. അദ്ദേഹം ഇനി എന്തുചെയ്യണമെന്ന് സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. പാർട്ടിക്ക് അതിനുള്ള അവകാശമില്ല. ധാർമികതയെക്കുറിച്ച് ചിന്തിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ എആർ ക്യാമ്പിൽ ചോദ്യം ചെയ്തതിനുശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്. രാഹുലിന്റെ രണ്ട് ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബലാത്സംഗം, ഭീഷണപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കാൻ പാടില്ലെന്നും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |