
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുതിർന്ന അഭിഭാഷകനായ ജോൺ എസ് റാൽഫ് ആണ് അതിജീവിതയ്‌ക്കായി ഹാജരാകുന്നത്. കേസിൽ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് സത്യവാങ്‌മൂലത്തിലുള്ളത്.
നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി പറയുന്നു. മുൻകൂർ ജാമ്യം ലഭിച്ചാൽ നിലവിൽ പൊലീസിന്റെ കൈവശമുള്ള ഫോണിലെ ദൃശ്യങ്ങൾ കൈക്കലാക്കുമെന്നും ദുരുപയോഗം ചെയ്യുമെന്ന് ഭയപ്പെടുന്നതായും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നു. ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ചു തന്ന ഗുളികകൾ കഴിച്ചത് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പ് വരുത്തിയെന്നും യുവതി ആരോപിക്കുന്നു.
ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിനൊപ്പമുണ്ട്. രാഹുൽ മനോവൈകൃതമുള്ളയാളാണെന്നും ജാമ്യാപേക്ഷയിൽ വക്രീകരിച്ച സത്യങ്ങളും അർദ്ധസത്യങ്ങളും പറഞ്ഞ് വിചാരണകോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം നടത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
രാഹുൽ പ്രതിയായ പത്തോളം പീഡനക്കേസുകളെപ്പറ്റി അന്വേഷണ സംഘത്തിന് വിവരമുണ്ട്. അതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയാണ്. അധികാരവും സ്വാധീനവുമുള്ള എംഎൽഎയ്‌ക്ക് ജാമ്യം നൽകുന്നത് ഇനി മുന്നോട്ട് വരാനുള്ള പരാതിക്കാരെ നിശബ്‌ദരാക്കുമെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. അതീജീവിതയ്‌ക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ തുടരുകയാണ്. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |