ബംഗളൂരു: സേനകൾക്കാവശ്യമായ സാമഗ്രികളിൽ 75 ശതമാനവും അടുത്ത സാമ്പത്തികവർഷം ഇന്ത്യൻ ഉത്പാദകരിൽ നിന്നായിരിക്കും വാങ്ങുകയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. നടപ്പു സാമ്പത്തിക വർഷം ഇത് 68 ശതമാനമാണ്. ഒരുലക്ഷം കോടി രൂപ ഇതുവഴി ആഭ്യന്തര ഉത്പാദകർക്ക് ലഭിക്കും. എയ്റോ ഇന്ത്യ 2023 പ്രദർശനത്തിൽ പ്രതിരോധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 80,000 കോടി രൂപയുടെ സഹകരണ കരാറുകളും ധാരാണാപത്രങ്ങളും ഒപ്പിട്ട ബന്ധൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സേനകൾക്ക് ബഡ്‌ജറ്റ് വിഹിതമായി 5.94 ലക്ഷം കോടി രൂപ ലഭിച്ചതിൽ 1.63 ലക്ഷം കോടിയും ആധുനികവത്കരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമാണ്.
പ്രതിരോധമേഖലയിൽ കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ ഇന്ത്യൻ വ്യവസായങ്ങൾ മുന്നോട്ടുവരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ശക്തവും സ്വാശ്രയവുമായ പ്രതിരോധ മേഖല രാജ്യസുരക്ഷയെ മാത്രമല്ല, സമ്പദ്‌രംഗത്തെയും ശക്തമാക്കും. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് പദ്ധതിയിലൂടെ പ്രതിരോധമേഖലയിൽ ഉൾപ്പെടെ വ്യവസായങ്ങൾക്ക് വളരാൻ അനുകൂലമായ സാഹചര്യം ഒരുക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഹെലികോപ്ടർ എൻജിൻ നിർമ്മാണത്തിന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സും ഫ്രഞ്ച് കമ്പനി സഫ്രാൻ ഹെലികോപ്ടർ എൻജിൻസുമായും അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് വിമാനം നിർമ്മിക്കാൻ ഭാരത് ഇലക്ട്രോണിക്സും എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയും തമ്മിലുമുൾപ്പെടെ കരാറുകൾ ഒപ്പിട്ടു.
മിസൈലുകൾ, ഡ്രോണിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകൾ, കൗണ്ടർ ഡ്രോൺ റഡാർ തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു.
ഒപ്പിട്ട പദ്ധതികൾ
ആകെ കരാറുകൾ 266
സംയുക്ത സംരംഭങ്ങൾ 201
പങ്കാളിത്തങ്ങൾ 53
ഉത്പന്ന അവതരണം 9
സാങ്കേതികവിദ്യ കൈമാറ്റം 3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |