കോട്ടയം: സംസ്ഥാനത്ത് ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള ബെവ്‌കോ നിർദേശത്തിനെതിരെ വിമർശനവുമായി ഓർത്തഡോക്‌സ് സഭ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ. സർക്കാരിന്റെ മദ്യനയം ജലരേഖയായി മാറുകയാണെന്ന് കത്തോലിക്കാ ബാവ വിമർശിച്ചു. പുതിയ നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും കത്തോലിക്കാ ബാവ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വാർത്താക്കുറിപ്പ്
'കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണ് എൽഡിഎഫ് സർക്കാർ', 'എൽഡിഎഫ് വന്നാൽ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും', 'ഞങ്ങൾ തുറക്കുന്നത് നിങ്ങൾ പൂട്ടിയ ബാറുകളല്ല, സ്കൂളുകളാണ്" എന്നീ പരസ്യവാചകങ്ങൾക്ക് കേവലം വിപണി താത്‌പര്യങ്ങൾ മാത്രമേയുള്ളൂ എന്നതിന് മികച്ച ഉദാഹരണങ്ങളാണ് മുകളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന നയവാചകങ്ങൾ. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് കേവലം 29 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു.
മദ്യനയം എന്നത് ജലരേഖയായി മാറുന്നത് ദൈനംദിന വാർത്തകളിലൂടെ മലയാളി കണ്ടുകൊണ്ടിരിക്കുന്നു. വിശപ്പിന് അരി വാങ്ങാൻ റേഷൻ കടയിൽ പോയി വിരൽ പതിക്കണം. അതേസമയം മദ്യം വീട്ടുപടിക്കൽ എത്തിച്ചുതരും. ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളിൽ ഇനിമുതൽ മദ്യപർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാം.
ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവത്‌കരിച്ച് വീടുകളിലേയ്ക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ല. സർക്കാരിന്റെ മദ്യനയം വികലമാണെന്ന് പ്രധാന ഘടകകക്ഷിയായ സിപിഐ തന്നെ കുറ്റപ്പെടുത്തിക്കഴിഞ്ഞു. ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കും. വീട്ടകങ്ങളിൽ ഭയന്നു കഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും വീട്ടമ്മമാരെയും ഓർത്ത് തിരുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |