കോലഞ്ചേരി: ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും അന്യസംസ്ഥാനക്കാരുടെ ആധിക്യമേറിയതോടെ ശുചിത്വ മാനദണ്ഡങ്ങൾ കാറ്റിൽപ്പറക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. അന്യസംസ്ഥാനക്കാർ വാഴുന്ന ഭക്ഷണ വിതരണ കേന്ദ്രങ്ങൾ പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയായി മാറുന്നുവെന്നാണ് ആരോപണം.
നേരത്തെ ജീവനക്കാരായാണ് ഭായിമാർ വന്നെതെങ്കിൽ ഇന്ന് ഹോട്ടൽ തുറന്നാണ് ഇവർ ഭക്ഷ്യ വ്യാപാര മേഖല കൈയടക്കുന്നത്. പട്ടിമറ്റത്ത് അടുത്തയിടെ അസാം ഹോട്ടൽ എന്ന പേരിൽ ഭായിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഹോട്ടൽ തുറന്നിട്ടുണ്ട്. ആരോഗ്യവകുപ്പിൽ നിന്ന് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സാനിറ്റൈസേഷൻ ലൈസൻസ് പോലുമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നത്. അന്യ സംസ്ഥാനക്കാരായതിനാൽ നടപടിയുമുണ്ടാകാറില്ല. മിക്കയിടത്തും ഹോട്ടലുകളിലും ശീതളപാനീയ വില്പന കേന്ദ്രങ്ങളിലും ലഘു ഭക്ഷണശാലകളിലും ഭായിമാരാണ് ഭക്ഷണ, പാനീയ നിർമ്മാണവും വിതരണവും നടത്തുന്നത്.
റെഡിമെയ്ഡ് ചപ്പാത്തി, അപ്പം, ഇടിയപ്പം, പൊറോട്ട നിർമ്മാണ യൂണിറ്റുകളും നാട്ടിൻ പുറങ്ങളിൽ നിരവധിയുണ്ട്. ഇവയുടെ നടത്തിപ്പും നിർമ്മാണവും വിതരണവുമെല്ലാം ഭായിമാർ തന്നെയാണ് നിർവഹിക്കുന്നത്. ഹെൽത്ത് കാർഡ് ഇല്ലാത്തവരെ ഭക്ഷണ നിർമ്മാണത്തിന് അനുവദിക്കരുതെന്നാണ് ചട്ടം. എന്നാൽ അന്യസംസ്ഥാനക്കാരിൽ ഒരാൾക്ക് പോലും ഹെൽത്ത് കാർഡ് ഇല്ലെന്നതാണ് വസ്തുത. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യാൻ സ്വദേശികൾ കുറവാണ്. ഇതിനൊപ്പം കുറഞ്ഞ വേതനം നൽകിയാൽ മതിയെന്നതും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാൻ ഹോട്ടൽ ഉടമകളെ പ്രേരിപ്പിക്കുന്നു.
പാൻ, പുകയില, കഞ്ചാവ്, മദ്യം എന്നിവ ഉപയോഗിക്കുന്നവരാണ് അധികമെന്നതും അന്യസംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്ന ഭക്ഷണശാലകളിലെ പരിശോധന കർക്കശമാക്കേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു.
പഞ്ചായത്ത് ലൈസൻസ്, ഭക്ഷ്യ സുരക്ഷ സർട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പിന്റെ അനുമതി, ജീവനക്കാർക്ക് ഹെൽത്ത് കാർഡ്, ജി.എസ്.ടി എന്നിവ ഉണ്ടായാൽ മാത്രമാണ് ഒരു ഹോട്ടൽ തുടങ്ങാൻ കഴിയുന്നത്. ഇവയില്ലാതെ തുടങ്ങിയതായി കണ്ടെത്തിയാൽ ഹോട്ടൽ അടച്ചു പൂട്ടിക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർക്ക് അധികാരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |