കൊച്ചി: രാജ്യത്തെ ബാങ്കിംഗ് സംവിധാനം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് വളർച്ച പകരുന്ന എൻജിനാണെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്സ് ക്ളബ്സിന്റെ എക്സലൻസ് അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിസിനസ് മാൻ ഒഫ് ദ ഇയർ പുരസ്കാരം നേടിയ ഗോകുലം ഗോപാലനെ രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു.
സ്റ്റേറ്റ് ഫോറം പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗോകുലം ഗോപാലനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും അഭിനന്ദിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്, ടേബിൾസ്, ട്വന്റി 14 ഹോൾഡിംഗ്സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറും കഴിഞ്ഞ വർഷത്തെ ബിസിനസ്‌മാൻ ഒഫ് ദ ഇയർ പുരസ്കാര ജേതാവുമായ അദീബ് അഹമ്മദ് സുവനീർ പ്രകാശനം ചെയ്തു.
മികച്ച ബാങ്കായി ബാങ്ക് ഒഫ് ബറോഡയെ പ്രഖ്യാപിച്ചു. വൻകിട പൊതുമേഖലാ ബാങ്കുകളുടെ വിഭാഗത്തിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനവും ഇന്ത്യൻ ബാങ്ക് രണ്ടാം സ്ഥാനവും നേടി. വൻകിട സ്വകാര്യമേഖലാ ബാങ്ക് വിഭാഗത്തിൽ ഫെഡറൽ ബാങ്ക് ഒന്നാം സ്ഥാനത്തും കരൂർ വൈശ്യ ബാങ്ക് രണ്ടാം സ്ഥാനത്തുമാണ്.
ഫോറം ജനറൽ സെക്രട്ടറി കെ.യു. ബാലകൃഷ്ണൻ, മുഖ്യ രക്ഷാധികാരി അബ്രഹാം തരിയൻ, പ്രോഗ്രാം കമ്മിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ സി.പി.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |