തൃശൂർ: പ്രീമിയം പാർക്കിംഗ് എന്ന പേരിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന വൻ കൊള്ള അവസാനിക്കുന്നു. രണ്ട് ദിവസം ബൈക്ക് നിറുത്തിയിട്ടതിന് റിട്ട. എസ്.ഐയുടെ കൈയിൽ നിന്ന് 845 രൂപ ഫീസ് വാങ്ങിയത് കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതെ തുടർന്നാണ് നടപടി.
നിരക്ക് കൂടുതലാണെന്ന് ബോധ്യമായതിനാൽ അടുത്ത മാസം മുതൽ കുറയ്ക്കുമെന്ന് കരാറാകാരന്റെ കേരളത്തിലെ നടത്തിപ്പിന്റെ ചുമതലയുള്ള സക്കീർ കേരള കൗമുദിയോട് പറഞ്ഞു. പ്രീമിയം എന്ന പേരിൽ വൻ ഫീസാണ് വാങ്ങുന്നതെന്ന വിവരം പുറത്തു വന്നതോടെ പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇരുചക്ര വാഹനങ്ങളോ കാറോ നിറുത്തിയിട്ട് തിരിച്ചുവരുമ്പോൾ വൻതുകയാണ് ഈടാക്കുന്നത്. തൊട്ടടുത്ത സ്ഥലത്ത് പാർക്കിംഗ് ഫീസായി 30 രൂപ വാങ്ങുമ്പോഴാണ് പ്രീമിയം എന്ന പേരിൽ 345 രൂപ വാങ്ങുന്നത്.
മധുര സ്വദേശിയാണ് കരാർ എടുത്തിരിക്കുന്നത്. കേരളത്തിലെ നടത്തിപ്പിനായി മാനേജരെ നിയമിച്ചിട്ടുണ്ട്. പാർക്കിംഗ് തുക കൂടുതലാണെന്ന് പറഞ്ഞാൽ ഗുണ്ടകൾ രംഗത്തിറങ്ങുമെന്നും പറയുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഈ കൊള്ളക്കെതിരെ റെയിൽവേ അധികാരികളും രംഗത്തെത്തിയിട്ടില്ല. സംഭവം കേരള കൗമുദി പുറത്തു കൊണ്ടുവന്നതോടെയാണ് കരാറുകാരൻ ഇടപെട്ട് നിരക്ക് കുറയ്ക്കുന്നത്.
നിരക്ക് കൂട്ടിയത് രണ്ട് മാസം മുമ്പ്
കഴിഞ്ഞ മേയ് മുതലാണ് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് നിരക്ക് രണ്ട് തരത്തിലാക്കി പരിഷ്‌കരിച്ചത്. ജി.എസ്.ടി അടക്കമാണ് നിരക്ക് വാങ്ങിക്കുന്നതത്രേ. നിരക്ക് കൂട്ടിയതിനെതിരെ അന്ന് നിരവധി പ്രതിഷേധം ഉയർന്നെങ്കിലും കരാറുകാരൻ പുതിയ നിരക്ക് മാറ്റിയില്ല. റെയിൽവേയും പിന്തുണ നൽകിയതോടെ വൻ കൊള്ള തുടരുകയായിരുന്നു.
ഡി.വൈ.എഫ്.ഐ റെയിൽവേ സ്റ്റേഷൻ മാർച്ച്
തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. വൈകീട്ട് അഞ്ചിന് കേന്ദ്രകമ്മിറ്റിയംഗം ഗ്രീഷ്മ അജയ്‌ഘോഷ് ഉദ്ഘാടനം ചെയ്യും.
നിരക്ക് കൂടുതലാണെന്ന പരാതികൾ വന്നതിനാൽ കുറയ്ക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. അടുത്തമാസം ഒന്ന് മുതൽ തന്നെ നിരക്ക് കുറയ്ക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ചർച്ച ചെയ്ത് നടപ്പാക്കുന്നതിന് തൃശൂരിൽ എത്തും.
സക്കീർ,
പാർക്കിംഗ് കോൺട്രാക്ടർ മാനേജർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |