തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതിയിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. നടപടിയെടുക്കാത്ത സംഭവങ്ങളാണെങ്കിൽ അന്വേഷിച്ച് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുപേർ ചെയ്യുന്ന തെറ്റായ പ്രവർത്തനത്തിന് സേന മുഴുവൻ മോശമാകുന്ന സാഹചര്യമുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു. ഇതിനിടയിൽ തെറ്റായ ആരോപണങ്ങളും വരുന്നുണ്ടെന്നും എല്ലാം വിശദമായി പരിശോധിച്ച് നടപടിയുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടു. ഉത്തരമേഖല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിർദ്ദേശം. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ബാദ്ധ്യതയില്ലെന്നും ഡിജിപി പറഞ്ഞു.
അടുത്തിടെയാണ് കുന്നംകുളം പൊലീസ് യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നത്. രണ്ടരവർഷം മുൻപ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സുജിത്തിന് ലഭിച്ചത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അന്നത്തെ എസ്ഐ ഉൾപ്പെടെയുളള നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ പൊലീസുകാർക്കെതിരെ കടുത്ത നിയമനടപടികൾ വേണമെന്നാണ് സുജിത്തിന്റെയും കോൺഗ്രസിന്റെയും ആവശ്യം.
കുന്നംകുളത്തെ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് തൊട്ടുപിന്നാലെയാണ് പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടലുടമയെയും ജീവനക്കാരനെയുമാണ് പൊലീസ് അകാരണമായി മർദ്ദിച്ചത്. മാസങ്ങളോളം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഹോട്ടലുടമ ഔസേപ്പിന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഹോട്ടലിലെത്തിയ പാലക്കാട് സ്വദേശിയുമായുണ്ടായ പ്രശ്നമാണ് സ്റ്റേഷൻ വരെയെത്തിയത്. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
ഇതിനുപിന്നാലെയാണ് തിരുവനന്തപുരത്തെ മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അതിക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി ഒരു കൂട്ടം യുവാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സംഭവം. പൊലീസിന്റെ മർദ്ദനത്തിൽ ആരോഗ്യപരമായി പ്രശ്നങ്ങൾ ഉണ്ടായെന്നും ജോലിയുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ ഉണ്ടായെന്നും യുവാക്കൾ പറയുന്നു. കഞ്ചാവ് കേസിന്റെ അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരാണ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചത്. സ്വകാര്യഭാഗത്തും കണ്ണിലും മുളകുസ്‌പ്രേ അടിച്ചെന്നും തേങ്ങകൊണ്ട് പുറത്തിടിച്ചെന്നും യുവാക്കൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |