അടൂർ : ഡി.വൈ.എഫ്.ഐ അടൂർ മേഖലാ സെക്രട്ടറിയായിരുന്ന നെല്ലിമുകൾ കൊച്ചുമുകളിൽ ജോയൽ (28) പൊലീസ് മർദ്ദനത്തെത്തുടർന്ന് മരിച്ച സംഭവത്തിൽ സി.പി.എമ്മിനെതിരെ ആരോപണം ശക്തമാക്കി കുടുംബം. അടൂരിലെ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട പാർട്ടി രഹസ്യങ്ങൾ ജോയൽ പുറത്തു പറയുമോയെന്ന് സി.പി.എം പ്രാദേശിക നേതാക്കൾക്ക് ഭയമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
2020 ജനുവരി ഒന്നിന് അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ജോയലിനെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്നത്തെ എസ്.എച്ച്.ഒ യു.ബിജുവിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചു.തടസം പിടിക്കാനെത്തിയ ജോയലിന്റെ പിതൃസഹോദരി കെ.കെ.കുഞ്ഞമ്മയെയും മർദ്ദിച്ചു.ഗുരുതരാവസ്ഥയിൽ മാസങ്ങളോളം ജോയൽ ആശുപത്രിയിൽ ചികിത്സയിലിലായിരുന്നു. 2020 മേയ് 22ന് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പറഞ്ഞത്. ജോയലിനെ മർദ്ദിക്കാൻ സി.പി.എം നേതാക്കളാണ് പൊലീസിന് ഒത്താശ ചെയ്തത്. മാതാപിതാക്കളായ ജോയിക്കുട്ടിയും മറിയാമ്മയും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വീട്ടിൽ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല . അന്നത്തെ ഡി.ജി.പി അനിൽകാന്തിന് മൊഴി കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് ബന്ധുക്കൾ
പറഞ്ഞു.
ഒടുവിൽ അടൂർ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. തുടർന്ന് എസ്.എച്ച്.ഒ യു.ബിജു, പൊലീസുകാരായ ഷിജു.പി.സാം, ശ്രീകുമാർ, സുരേഷ്, ജയകുമാർ എന്നിവർക്കെതിരെ കഴിഞ്ഞ മാസം കേസെടുത്തു. വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിന് ശേഷം സി.പി.എം നേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്നും അവർ പറഞ്ഞു. അതേ സമയം, പൊലീസ് മർദ്ദനമല്ല, ഹൃദയാഘാതമാണ് ജോയലിന്റെ മരണ കാരണമെന്ന് സി.പി.എം അടൂർ ഏരിയാ സെക്രട്ടറി എസ്.മനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |