അമ്പലപ്പുഴ: കള്ളക്കേസിൽ കുടുക്കിയെന്നും അകാരണമായി മർദ്ദിച്ചുവെന്നും ആരോപിച്ച് പൊലീസിനെതിരെ കൂടുതൽ പരാതികൾ. വാഹന ഷോറൂം ജീവനക്കാരുമായുള്ള തർക്കത്തിൽ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് സി.പി.എം മുൻ എം.എൽ.എ സി.കെ.സദാശിവന്റെ മകൻ പ്രവീൺ സദാശിവനും കാരണമില്ലാതെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് പുന്നപ്ര കുറവൻതോട് അഞ്ചിൽ വീട്ടിൽ നിയാസുമാണ് രംഗത്തെത്തിയത്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം നിയാസ് കോടതിയെ സമീപിച്ചു.
ആറുമാസം മുമ്പ് വാങ്ങിയ വാഹനത്തിന്റെ തകരാർ സംബന്ധിച്ച് ആറാട്ടുവഴിയിലെ ഷോറൂം ജീവനക്കാരുമായി ഈ മാസം രണ്ടിന് തർക്കമുണ്ടായതിനെ തുടർന്നാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് പ്രവീൺ സദാശിവൻ പറഞ്ഞു. ഷോറൂം അധികൃതർ അറിയിച്ചപ്രകാരം സ്ഥലത്തെത്തിയ ആലപ്പുഴ നോർത്ത് പൊലീസ് തന്നെ വലിച്ച് പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ പള്ളയ്ക്ക് ഇടിച്ചു.
കേസ് വേണ്ടെന്ന് ഷോറൂം ജീവനക്കാർ ആവശ്യപ്പെട്ടിട്ടും മാനേജരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതിയിൽ ഒപ്പിട്ട് വാങ്ങുകയായിരുന്നു. പുതിയ വാഹനം കഴിഞ്ഞ പത്ത് ദിവസമായി സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്.വണ്ടി ഇവിടെ കിടന്ന് പുല്ലു പിടിച്ച് പോകുമെന്ന് പൊലീസുകാർ പരിഹസിച്ചതായും പ്രവീൺ പറഞ്ഞു.
ഹൃദ്‌രോഗിയെ മർദ്ദിക്കുന്നത് തടഞ്ഞപ്പോൾ ക്രൂര മർദ്ദനം
ഹൃദ് രോഗിയായ മുഹമ്മദ് ഷാഫി എന്ന യുവാവിനെ പൊലീസ് മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചതിനാണ് വൃക്കരോഗി കൂടിയായ തന്നെ പൊലീസ് ജീപ്പിൽ വച്ചടക്കം ക്രൂരമായി മർദ്ദിച്ചതെന്ന് നിയാസ് പറഞ്ഞു. കഴിഞ്ഞ ജനുവരി 30നായിരുന്നു സംഭവം. കുറവൻതോട് ഭാഗത്ത് ഒരു യുവജന സംഘടനയുടെ പ്രവർത്തകരും നാട്ടുകാരുമായി സംഘർഷമുണ്ടായതിനെ തുടർന്ന് അവിടെയെത്തിയ പുന്നപ്ര പൊലീസ് ഷാഫിയെ പിടികൂടി മർദ്ദിക്കുന്നത് കണ്ടാണ് ഇടപെട്ടത്. ജോലി തടസപ്പെടുത്തിയെന്നാരോപിച്ചാണ് പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചത്. ഇത് ചോദ്യം ചെയ്ത രണ്ടു യുവാക്കളെയും പിടികൂടി രണ്ടും മൂന്നും പ്രതികളാക്കി. സി.ഐ സ്റ്റെപ്റ്റോ ജോൺ, സി.പി.ഒമാരായ സുമിത്ത്, ഹരികൃഷ്ണൻ എന്നിവർക്കെതിരെ സെഷൻസ് കോടതി, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലയിന്റ് അതോറിട്ടി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നിയാസ് പരാതി നൽകി.
കർശന നടപടിയെന്ന് ഡി.ജി.പി
പൊലീസ് അതിക്രമങ്ങളിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങളോട് പൊലീസ് നല്ല രീതിയിൽ പെരുമാറണം. ജനങ്ങൾക്കും പൊലീസിനുമിടയിൽ പരസ്പര ബഹുമാനവുമുണ്ടാവണം. പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളെല്ലാം ഗൗരവമായെടുത്തിട്ടുണ്ട്. മർദ്ദനത്തെക്കുറിച്ചുള്ള പരാതികളെല്ലാം പരിശോധിക്കും. കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ കർശന നടപടിക്ക് ഐ.ജിയെ ചുമതലപ്പെടുത്തി. ഡിവൈ.എസ്.പി മധുബാബുവിനെതിരെയും നടപടിയുണ്ടാകുമെന്ന് ഡി.ജി.പി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |