SignIn
Kerala Kaumudi Online
Sunday, 22 February 2026 7.27 PM IST

മണിച്ചേട്ടന്റെ പോരാട്ട വീര്യം പ്രചോദനം: ഡോ. രാമകൃഷ്ണൻ

Increase Font Size Decrease Font Size Print Page
rlv

പതിറ്റാണ്ടുകൾക്ക് ശേഷം കേരളകലാമണ്ഡലം നൃത്തവിഭാഗത്തിൽ അദ്ധ്യാപകനായി ഒരു പുരുഷൻ നിയമിക്കപ്പെട്ടത് ചരിത്രനിയോഗം കൂടിയാണ്. നർത്തകൻ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ ഈ പദവിയിലെത്താൻ നടന്നുതീർത്ത വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. 1996 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ മോഹിനിയാട്ടക്കളരിയിൽ പഠിച്ച രാമകൃഷ്ണൻ, പോസ്റ്റ് ഡിപ്‌ളോമ നേടിയ ശേഷം എം.ജി സർവകലാശാലയിൽ നിന്ന് എം.എ മോഹിനിയാട്ടം പൂർത്തിയാക്കി. കലാമണ്ഡലത്തിൽ നിന്ന് പെർഫോമിംഗ് ആർട്‌സിൽ എം.ഫില്ലും പിഎച്ച്.ഡിയും നേടി. കാലടി സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ എം.എ രണ്ടാം റാങ്ക് നേടി ആർ.എൽ.വി കോളേജിലും കാലടി സംസ്‌കൃത സർവകലാശാലയിലും താത്കാലിക അദ്ധ്യാപകനായിരുന്ന അദ്ദേഹം, തന്റെ കലാജീവിതത്തെക്കുറിച്ചുള്ള അനുഭവങ്ങൾ കേരളകൗമുദിയുമായി പങ്കിടുന്നു:

കഷ്ടപ്പാടും വിവേചനങ്ങളും നേരിട്ടാണ് താങ്കൾ അദ്ധ്യാപകനാകുന്നത്. പുതിയ തലമുറയ്ക്ക് അതൊരു പാഠമല്ലേ?


വന്ന വഴി ദുർഘടം പിടിച്ചതായിരുന്നു. സമൂഹത്തിൽ അന്നും ഇന്നും ജാതി നിലനിൽക്കുന്നുണ്ട്. ആ മേധാവിത്വം കലയിലും തുടരുന്നു. സവർണകലകളെന്ന് പറഞ്ഞു പോരുന്ന ക്‌ളാസിക്കൽ കലകൾ പഠിക്കാൻ അവസരമുണ്ടെങ്കിലും ക്ഷേത്രങ്ങളിലും മറ്റും അവതരിപ്പിക്കാൻ ജാതി തടസമാണ്. കൂടിയാട്ടവും ചില വാദ്യങ്ങളുമെല്ലാം അതത് സമുദായംഗങ്ങൾക്ക് മാത്രമേ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കാൻ പാടുള്ളൂവെന്ന നിയമം ഇന്നും നിലനിൽക്കുന്നു.

പിന്നാക്ക വിഭാഗങ്ങൾക്ക് വലിയൊരു പോരാട്ടം തന്നെ വേണ്ടി വരുന്നു?

കലാമണ്ഡലത്തിലും കാലടിയിലും ആർ.എൽ.വിയിലും സ്വാതിതിരുനാൾ കോളേജിലുമൊക്കെയായി എത്രയോ കുട്ടികൾ പഠിച്ചിറങ്ങുന്നു. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആരുമില്ല. എനിക്ക് മുൻപിലുള്ള പാഠം എന്റെ സഹോദരനാണ്. അദ്ദേഹത്തിന്റെ പോരാട്ടവീര്യം ഏറെ പ്രചോദമായിട്ടുണ്ട്. ചിലയിടത്ത് പ്രതിരോധിച്ചാലേ പിടിച്ചു നിൽക്കാനാവൂ. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവർക്ക് ഈ പ്രശ്‌നമില്ല. പണം കൊടുത്താൽ നല്ല ഗുരുക്കന്മാരെ കിട്ടും. അവസരങ്ങളുണ്ടാകും. പല കലാസ്ഥാപനങ്ങളിലും വിവേചനം മനസിലുള്ളവരുടെ ഉപദ്രവം പലരും നേരിട്ടു കൊണ്ടിരിക്കുന്നുണ്ട്. എന്റെ ഗുരുനാഥനായ ആർ.എൽ.വി ആനന്ദ് മാസ്റ്റർ ഏറെ കഴിവുകളുള്ള കലാകാരനാണ്. അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. കലാരംഗം ഒരു കോക്കസിന്റെ കൈയിൽപെട്ട് കിടക്കുകയാണ്.


പുരുഷനർത്തകർക്ക് ഇപ്പോഴും വിവേചനം തുടരുകയാണോ?

പുരുഷനർത്തകർക്ക് കേരളത്തിൽ യാതൊരു സ്ഥാനവുമില്ല. ഇതെല്ലാം മാറേണ്ട കാലം അതിക്രമിച്ചു. കല പഠിക്കുമ്പോൾ വിദ്യാഭ്യാസം നഷ്ടപ്പെടുന്നുവെന്ന് കരുതി മുന്നോട്ടുവരാത്തവരുമുണ്ട്.

നൃത്തം പഠിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികളോട് പറയാനുളളത്?

പഠിച്ച എല്ലാവർക്കും ജോലി കിട്ടുന്നില്ലല്ലോയെന്ന് ആശങ്കപ്പെടാതെ ലക്ഷ്യത്തിലെത്താൻ കഠിനാദ്ധ്വാനം ചെയ്യുക. ആത്മാർത്ഥമായി കലയെ ഉപാസിച്ചാൽ ഫലം ലഭിക്കും. എനിക്കു ലഭിച്ച ഈ അംഗീകാരം ലാഭേച്ഛ കൂടാതെയുള്ള കഠിനപരിശ്രമത്തിന്റെ ഫലമാണ്.


നൃത്തം പഠിക്കാൻ പോകുമ്പോൾ മണിച്ചേട്ടൻ (അന്തരിച്ച നടൻ കലാഭവൻ മണി) പറഞ്ഞതെന്തായിരുന്നു?

നൃത്തം പഠിക്കുമ്പോഴും നല്ല വിദ്യാഭ്യാസം നേടമെന്നായിരുന്നു എന്റെ സഹോദരന്റെ ആഗ്രഹം. ജീവിതസാഹചര്യങ്ങൾ കൊണ്ട് ചേട്ടന് ഉയർന്നവിദ്യാഭ്യാസം നേടാനായില്ല. പക്ഷേ, അദ്ദേഹം ഇന്നും ജനമനസുകളിൽ ജീവിക്കുന്നു. മണിച്ചേട്ടനെപ്പോലെ എല്ലാവരും ഇഷ്ടപ്പെടുന്ന കലാകാരനായി ജീവിക്കണം. എന്റെ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വിവേചനങ്ങളെ ഇപ്പോൾ മറികടക്കാനാവുന്നുണ്ട് . ജാതി, മതം, ലിംഗം തുടങ്ങിയവയ്ക്ക് അപ്പുറം ചിന്തിക്കുന്ന അഭ്യുദയകാംക്ഷികളായ വലിയൊരു വിഭാഗമുണ്ട്. അവരാണ് എന്റെ ശക്തി.

മോഹം, ലക്ഷ്യം?

അദ്ധ്യാപകനായാലും നല്ല പ്രയോക്താവായി തന്നെ ജീവിക്കുകയെന്നതാണ് ആഗ്രഹം. മരണം വരെ ചിലങ്ക കെട്ടിയാടണമെന്നാണ് ആഗ്രഹം. ഗവേഷണങ്ങളും അക്കാഡമിക പഠനങ്ങളും തുടരണം. അതാണ് ലക്ഷ്യം...

TAGS: RLV RAMAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.