പത്തനംതിട്ട: യു.ബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ശബരിമലയ്ക്ക് നൽകിയ മുപ്പത് കിലോയിലേറെ ശുദ്ധ സ്വർണത്തിൽ അഞ്ചു കിലോയിലേറെ ദ്വാരപാലക ശില്പങ്ങൾക്കുവേണ്ടി ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ. മേൽനോട്ടം വഹിക്കാൻ വിജയ് മല്യ ചുമതലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയും കൊച്ചിയിലെ താമസക്കാരനുമായ സെന്തിൽനാഥനാണ് ഇക്കാര്യം തറപ്പിച്ചു പറയുന്നത്. സ്വർണപ്പാളി പൊതിയുമ്പോൾ സെന്തിൽനാഥ് സന്നിധാനത്ത് ഉണ്ടായിരുന്നു.
ഇക്കാര്യങ്ങളെല്ലാം മൂടിവയ്ക്കുകയും ദേവസ്വം മാനുവലിൽ ദേവന്റെ സ്വർണം അടക്കമുള്ള വിലയേറിയ സമ്പത്ത് സംബന്ധിച്ച മാർഗനിർദേശങ്ങൾ അപ്പാടെ അട്ടിമറിക്കുകയും ചെയ്താണ് ഇവ ചെമ്പാണെന്ന് രേഖയുണ്ടാക്കി ചെന്നൈയ്ക്ക് കൊണ്ടുപോയത്.
ഇതോടെ ഇരുപത്ത്നാല് ക്യാരറ്റിലുള്ള അഞ്ചു കിലോ സ്വർണ തകിടുകൾ അപ്രത്യക്ഷമായതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ദേവസ്വം ബോർഡിനും ഉന്നത അധികാരികൾക്കും ഒഴിഞ്ഞു മാറാൻ കഴിയാത്ത അവസ്ഥയായി. ഒരോ ദാരുശില്പ വിഗ്രഹത്തിനും രണ്ടരക്കിലോ വീതം സ്വർണമാണ് ഉപയോഗിച്ചത്. സ്വിറ്റ്സർലന്റിൽ നിന്ന് ഇറക്കുമതി ചെയ്ത 24 ക്യാരറ്റ് സ്വർണമാണ് ഉപയോഗിച്ചതെന്ന് സെന്തിൽ നാഥ് വെളിപ്പെടുത്തി. നിലവിലെ വിലയനുസരിച്ച് 5.31 കോടി രൂപയുടെ സ്വർണമാണ് ഉണ്ടായിരുന്നത്. 2019ൽ ദാരുശില്പങ്ങളിൽ ഉണ്ടായിരുന്നത് ചെമ്പുപാളികളാണെന്ന അന്നത്തെ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും വാദം ഇതോടെ ദുർബലമായി.
1999ൽ സ്വർണപ്പാളികൾ രേഖപ്പെടുത്തിയിരുന്ന തിരുവാഭരണ രജിസ്റ്ററും മഹസറും കാണാതായതിനും 2019ലെ മഹസറിലും രജിസ്റ്ററിലും ചെമ്പുപാളികളാണെന്ന് രേഖപ്പെടുത്തിയതിനും പിന്നിൽ വൻ ഗൂഢാലോചന നടന്നെന്ന് വ്യക്തമായി.
അടിമുടി ചട്ടലംഘനം, തരികിട
1 ദേവസ്വം മാന്വവൽ പ്രകാരം ക്ഷേത്രത്തിൽ ചാർത്തിയിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ക്ഷേത്ര സമുച്ചയത്തിന് പുറത്തു കൊണ്ടുപോകരുത്. ദേവന്റെ അനുജ്ഞ വാങ്ങിയശേഷം ക്ഷേതസവിധത്തിൽ വച്ച് കോടതിയുടെ അനുമതിയോടെ പണികൾ നടത്താം. പകൽ വെളിച്ചത്തിൽ മാത്രമേ അതു നടത്താൻ പാടുള്ളൂ.
2 1991- 92 കാലഘട്ടത്തിൽ ആദ്യമായി ഇവിടേക്ക് ഹൈക്കോടതി സ്പെഷ്യൽ കമ്മിഷണറെ നിയോഗിച്ചു. അന്നുമുതൽ ശബരിമലയുമായി ബന്ധപ്പെട്ട ഏതുനടപടിയും സ്പെഷ്യൽ കമ്മിഷണറെ അറിയിച്ചിരിക്കണം. അദ്ദേഹം അത് ഹൈക്കോടതിയെ അറിയിക്കുകയും വേണം.
3 ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന പാളികൾ ഒരു മാസത്തിലധികം ഉദ്യോഗസ്ഥരുടെയോ പൊലീസിന്റെയോ സാന്നിദ്ധ്യമില്ലാതെ പുറത്തേക്ക് കൊടുത്തുവിട്ടതും ചെന്നൈയിലും ബംഗളൂരുവിലും മൂവാറ്റുപുഴയിലെ പെരളിമറ്റത്തും കാഴ്ചവസ്തുവാക്കിയതും ഗുരുതരമായ ചട്ടലംഘനമാണ്. പണപ്പിരിവ് നടത്തിയത് ക്രിമിനൽ കുറ്റവുമാണ്. ഇക്കാര്യങ്ങളിൽ അന്നത്തെ സ്പെഷ്യൽ കമ്മിഷണർ ജാഗ്രത പുലർത്തിയില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |