അരൂർ: എലിവേറ്റഡ് ഹൈവേ (ഉയരപ്പാത) നിർമ്മാണം നടത്തിയത് വാഹനം വഴിതിരിച്ചുവിടാതെ. പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥൻ ചതഞ്ഞരഞ്ഞു. ദേശീയപാത 66ൽ അരൂർ- തുറവൂർ ഭാഗത്താണ് നാടുനടുങ്ങിയ അപകടം.
ഹരിപ്പാട് പള്ളിപ്പാട് ജിഷ്ണുഭവനിൽ സി.ആർ.രാജേഷാണ് (47) കരാറുകാരുടെ അനാസ്ഥകാരണം ദാരുണമായി മരിച്ചത്. ഭാര്യയും രോഗിയായ മകളും മകനുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് അകാലത്തിൽ പൊലിഞ്ഞത്. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം.
രാജേഷ് മാത്രമേ പിക്കപ്പിലുണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിൽ നിന്ന് ലോഡെടുത്ത മുട്ട എറണാകുളത്ത് ഇറക്കിയശേഷം ആലപ്പുഴയിലേക്ക് വരികയായിരുന്നു. സർവീസ് റോഡിൽ പിക്കപ്പിനു മുന്നിലും പിന്നിലുമായി സൂപ്പർ ഫാസ്റ്റ് ബസ് അടക്കം വാഹനങ്ങൾ പോകുമ്പോഴാണ് ഗർഡർ പതിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിലേക്ക് പതിക്കാത്തത് ഭാഗ്യംകൊണ്ടു മാത്രം.
പില്ലറുകൾക്കിടയിൽ മൂന്നു ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടന്നുവരികയായിരുന്നു. രണ്ടെണ്ണം സ്ഥാപിച്ചു. മൂന്നാമത്തേത് ഉയർത്തുന്നതിനിടെ, ആദ്യം സ്ഥാപിച്ച ഗർഡറുകൾ ജാക്കിയിൽ നിന്ന് തെന്നി നിലംപതിച്ചു. ആദ്യം വീണത് പൂർണമായി തകർന്നു. രണ്ടാമത്തേത് പിക്കപ്പ് വാനിന്റെ മുകളിലേക്കും വീണു. പിക്കപ്പ് ക്യാബിൻ തകർന്നമർന്നു. ഡ്രൈവർ സീറ്റിലിരുന്ന രാജേഷ് തത്ക്ഷണം മരിച്ചു. മൃതദേഹം പുറത്തെടുക്കാനാവാത്ത നിലയായിരുന്നു. തുടർന്ന് കൂറ്റൻ ക്രെയിൻ എത്തിച്ചു. മൂന്നര മണിക്കൂർ ശ്രമിച്ച് രാവിലെ 6.15നാണ് പൊലീസും അഗ്നിശമന സേനയും നാട്ടുകാരും തൊഴിലാളികളും ചേർന്ന് പുറത്തെടുത്തത്. മൃതദേഹം ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
20 വർഷമായി ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് സുഹൃത്തിന് പകരക്കാരനായാണ് ബുധനാഴ്ച പിക്കപ്പുമായി ഓട്ടം പോയത്. രാജപ്പൻ- സരസ്വതി ദമ്പതികളുടെ മകനാണ്. ഷൈലമ്മയാണ് ഭാര്യ. മക്കൾ: ജിഷ്ണു, കൃഷ്ണവേണി. മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കരാർ കമ്പനിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് അരൂർ പൊലീസ് കേസെടുത്തു.
കമ്പനിയുടെ 25 ലക്ഷം
സർക്കാരിന്റെ 4 ലക്ഷം
നഷ്ടപരിഹാരവും രാജേഷിന്റെ മകന് സർക്കാർ ജോലിയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ പ്രതിഷേധിച്ചു. കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് ധാരണയായി. തുക ഇന്ന് കാർത്തികപ്പള്ളി തഹസിൽദാർക്ക് കൈമാറും. സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ നൽകും. മഹാരാഷ്ട്രയിലെ അശോക ബിൽഡ്കോൺ ആണ് കരാർ കമ്പനി. സംസ്‌കാര ചെലവുകൾക്കായി 40,000 രൂപ കമ്പനി കൈമാറി. സംഭവം അന്വേഷിക്കാൻ ദേശീയപാത അതോറിട്ടി സമിതിയെ നിയോഗിച്ചു.
9 മണിക്കൂർ ഗതാഗതം മുടങ്ങി
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ 9 മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. രാവിലെ 10ഓടെയാണ് പുനഃസ്ഥാപിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ റോഡുപരോധിച്ചു.
ഗർഡർ
ദീർഘദൂരത്തിൽ വലിയ ഭാരം താങ്ങാൻ ഉപയോഗിക്കുന്ന സപ്പോർട്ടാണ് ഗർഡർ. ശക്തമായ കോൺക്രീറ്റ് കൊണ്ടോ സ്റ്റീൽ കൊണ്ടോ ആണ് നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |