
ന്യൂഡൽഹി: ശബരിമല കൊടിമരത്തിലെ സ്വർണം വരെ മോഷ്‌ടിച്ചില്ലേയെന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ വിമർശനം. പ്രതികൾ സർവപരിധിയും ലംഘിച്ചെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.
സ്വർണപ്പാളി കേസിലെ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഡിസംബർ 18ന് ഉത്തരവിട്ടിരുന്നു. അതു ഇനി ഹർജി പരിഗണിക്കുന്ന ഫെബ്രുവരി 20 വരെ നീട്ടി.
ആർക്കും മുൻകൂർ ജാമ്യം നൽകില്ലെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒരു പ്രതിക്കും ഇതുവരെ അനുവദിച്ചിട്ടില്ല. വൃക്ക രോഗത്തിന് ചികിത്സയിലാണെന്ന് അഭിഭാഷകൻ മുഖേന ജയശ്രീ അറിയിച്ചു. മികച്ച ചികിത്സ ഉറപ്പുവരുത്താൻ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പലരും ചികിത്സയ്‌ക്ക് പോകുന്നത് കേരളത്തിലേക്കാണ്. ആവശ്യമെങ്കിൽ എയിംസിൽ സൗകര്യമൊരുക്കാം. കേരളത്തിൽ എയിംസുണ്ടോയെന്നും കോടതി ചോദിച്ചു. അന്വേഷണവുമായി ജയശ്രീ സഹകരിക്കുന്നതായും സുപ്രീംകോടതിയുടെ നിർദ്ദേശമനുസരിച്ച് ജനുവരി 8ന് പ്രത്യേക അന്വേഷണസംഘത്തിനു
മുന്നിൽ ഹാജരായി മൊഴി നൽകിയെന്നും അഭിഭാഷകൻ അറിയിച്ചു. ഇതോടെ, ഫെബ്രുവരി 18ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.
ജയശ്രീക്കെതിരെ തെളിവുണ്ട്
ജാമ്യം അനുവദിക്കുന്നതിനെ എസ്.ഐ.ടി എതിർത്തു. ജയശ്രീ ദേവസ്വം ബോർഡിന്റെ മിനിട്സ് തിരുത്തിയതിന് തെളിവുണ്ട്. ചെമ്പുപാളികൾ ഉണ്ണികൃഷ്‌ണൻ പോറ്രിക്ക് കൊടുത്തുവിടണമെന്ന് എഴുതി. ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൊതിഞ്ഞതാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ചെമ്പ് പൂശിയതാണെന്ന് രേഖപ്പെടുത്തി. കസ്റ്റഡിയിൽ ചോദ്യം ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |