
പോത്തൻകോട്: ചേങ്കോട്ടുകോണത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ കഴക്കൂട്ടം പൊലീസ് പിടികൂടി.കുടപ്പനക്കുന്ന് ജയപ്രകാശ് ലെയ്ൻ,പുല്ലുകുളം വീട്ടിൽ ബിജുകുമാർ (പടക്കി സാബു -44),വട്ടിയൂർക്കാവ് ദേവീനഗർ,നെടിയാർ വിളാകത്ത് വീട്ടിൽ വിനീത് ( ലുലു - 36), കുടപ്പനക്കുന്ന് പാതിരപ്പള്ളി, പുതുച്ചിയിൽ വീട്ടിൽ വിമൽ (44) എന്നിവരെയാണ് സിറ്റി ഡാൻസാഫ് ടീമിന്റെ സഹായത്തോടെ കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ 12 നായിരുന്നു സംഭവം.മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന സംഘം സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ ഉൾപ്പെടെയാണ് കവർന്നത്.
ചേങ്കോട്ടുകോണം ഭാവനവീട്ടിൽ ബാഹുലേയന്റെ വീട്ടിലായിരുന്നു മോഷണം.14 ഗ്രാം സ്വർണാഭരണങ്ങൾ,പത്തിലധികം വസ്തുക്കളുടെ ഒറിജിനൽ പ്രമാണങ്ങൾ,ബാങ്ക് ഡിപ്പോസിറ്റ് രേഖകൾ,മറ്റ് വിലപ്പെട്ട രേഖകൾ എന്നിവയിരുന്ന ലോക്കറാണ് കവർന്നത്.കഴിഞ്ഞ മാസം 23ന്ബാഹുലേയൻ ന്യൂസിലൻഡിലുള്ള മകന്റെ അടുത്തേക്ക് പോയിരുന്നു. തുടർന്ന് മരുമകൻ ഹിതേഷ് ഇടയ്ക്ക് വീട്ടിൽ വന്നിരുന്നു. അന്ന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട അയൽവാസികൾ ഇക്കാര്യം ഹിതേഷിനെ അറിയിച്ചതിനെത്തുടർന്ന് ഹിതേഷ് നടത്തിയ പരിശോധനയിലാണ് മോഷണവിവരമറിയുന്നത്. തുടർന്ന് കഴക്കൂട്ടം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |