
പൊന്നാനി: അതിവേഗ റെയിൽപാതയുടെ അലൈൻമെന്റും പുതിയ സ്റ്റേഷനുകളും പ്രതീക്ഷിക്കുന്ന നിരക്കും യാത്രാസമയവും വിശദീകരിച്ച് മെട്രോമാൻ ഇ.ശ്രീധരൻ. പൊന്നാനിയിൽ പുതിയ ഓഫീസിലെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പുതുക്കിയ അലൈൻമെന്റിൽ പത്തനംതിട്ട കൂടി ഉൾപ്പെടുന്നുണ്ട്. 465 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 20 സ്റ്റോപ്പുകളുണ്ടാവും. 56,500 കോടി രൂപയാണ് നിർമ്മാണ ചെലവ്. സ്റ്റേഷനുകളിൽ സോളാർ ഫാമുകൾ സ്ഥാപിക്കും.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള സർവീസിൽ 20 - 30 കിലോമീറ്റർ ദൂരത്തിലാണ് സ്റ്റോപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നിങ്ങനെ കേരളത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളെയും സർവീസ് ബന്ധിപ്പിക്കും.
തിരുവനന്തപുരം സെൻട്രലിൽ നിന്നാരംഭിക്കുന്ന പാത ടണൽ വഴി തിരുവനന്തപുരം എയർപോർട്ടിലേക്ക് പ്രവേശിക്കും. വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശേരി വിമാനത്താവളം, തൃശ്ശൂർ, പട്ടാമ്പി, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
യാത്രാസമയം
പകുതിയാവും
വന്ദേഭാരത് തിരുവന്തപുരം - കണ്ണൂർ ആറ് മണിക്കൂർ എടുക്കുമ്പോൾ 3.20 മണിക്കൂറിൽ അതിവേഗ ട്രെയിനെത്തും. പരമാവധി സ്പീഡ് മണിക്കൂറിൽ 200 കിലോമീറ്ററാണ്. ഓരോ സ്റ്റേഷനിലും ഒരുമിനിറ്റ് നിറുത്തും. എയർപോർട്ട് സ്റ്റേഷനിൽ രണ്ട് മിനിറ്റ്. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ഓരോ മണിക്കൂറിലും ട്രെയിനുണ്ടാവും. രാത്രി എട്ടിന് അവസാന വണ്ടി പുറപ്പെടും. എല്ലാ സ്റ്റേഷനും ഇടത് സൈഡിലായിരിക്കും. ടെർമിനൽ സ്റ്റേഷൻ മാത്രം വലതുഭാഗത്തുമാകും. പ്രതിദിനം ശരാശരി അഞ്ച് ലക്ഷം യാത്രക്കാർ സേവനം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രഖ്യാപിച്ച നിരക്കുകൾ:
തിരുവനന്തപുരം - എറണാകുളം: ₹ 440
തിരുവനന്തപുരം - കോഴിക്കോട്: 640
തിരുവനന്തപുരം - കണ്ണൂർ: 780
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |