
വർക്കല: ശബരിമല സ്വർണകൊള്ളക്കേസിൽ സി.പി.എം നേതാവ് പത്മകുമാറിന് ജാമ്യം കിട്ടാനുള്ള അവസരം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയോടെ എസ്.ഐ.ടി ചെയ്തുകൊടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
അകത്തുള്ളവരെ പുറത്തിറക്കാൻ നടത്തിയ ഗൂഢാലോചനയുടെ പരിണിതഫലമാണ് ഇപ്പോൾ കാണുന്നത്. അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നതെങ്കിലും 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രംപോലും നൽകിയില്ല. ഈ കേസ് എങ്ങും എത്താതെ അവസാനിക്കും.
എല്ലാ തെളിവുകളും നശിപ്പിക്കാൻ രാഷ്ട്രീയ പിൻബലമുള്ള പ്രതികളാണ് പുറത്തിറങ്ങിയത്. പ്രതികൾ അകത്തായിരുന്നപ്പോൾപോലും തെളിവുകൾ ശേഖരിക്കാൻ സാധിച്ചില്ല. തെളിവിന്റെ എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കിൽ പ്രതികൾ പുറത്തിറങ്ങുന്നതോടെ അതും നശിപ്പിക്കും. പ്രതികളെല്ലാം സി.പി.എമ്മുമായി ബന്ധപ്പെട്ടവരാണ്. അറസ്റ്റു ചെയ്യപ്പെടേണ്ടവരിലേക്ക് പോലും കേസന്വേഷണം പോയില്ല.
തന്ത്രിയെ അറസ്റ്റു ചെയ്തത് എന്തിനാണെന്നു പോലും പറഞ്ഞില്ല. എന്ത് കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തതെന്ന് പൊതുസമൂഹത്തോട് പറയാനുള്ള ഉത്തരവാദിത്തം എസ്.ഐ.ടിക്കുണ്ട്. തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലും ഇല്ലെന്നാണ് കോടതി പറഞ്ഞത്. കേസ് ഇങ്ങനെ പോയാൽ എസ്.ഐ.ടിയുടെ പ്രസക്തി തന്നെ നഷ്ടമാവും.
ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് സത്യവാങ്മൂലം നൽകാൻ ദേവസ്വം ബോർഡാണ് തീരുമാനം എടുത്തിരിക്കുന്നത്. പാർട്ടിയും സർക്കാരും തീരുമാനം എടുത്തില്ലെന്നാണ് പറയുന്നത്. സത്യവാങ്മൂലം നൽകാതെ സർക്കാർ മനപൂർവം വൈകിപ്പിക്കുകയാണ്.
ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന് ഒന്നര കൊല്ലം മുൻപാണ് പ്രതിപക്ഷം പറഞ്ഞത്. ഇപ്പോൾ വെന്റിലേറ്ററിലാണോ മോർച്ചറിയിലാണോ എന്ന കാര്യത്തിൽ മാത്രമെ സംശയമുള്ളൂ. തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ഡോക്ടർമാരുടെ സമരം ചർച്ചചെയ്ത് തീർക്കാൻ തയ്യാറാകുന്നില്ല. എത്രയോ കാലം മുൻപ് സമരം പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും മന്ത്രി കോളർ ഇട്ടിട്ടുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലമാകമ്പോൾ ഇടുന്ന പ്രത്യേക തരം കോളറാണോയെന്ന് അന്വേഷിച്ചാൽ മതി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |