കൊച്ചി: എസ്.എൻ ട്രസ്റ്റിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് മാറ്റി നിറുത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി ട്രസ്റ്റ് ബൈലാ ഹൈക്കോടതി ഭേദഗതി ചെയ്തു.
ട്രസ്റ്റ് ബോർഡംഗം അഡ്വ. ചെറുന്നിയൂർ വി. ജയപ്രകാശ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. എസ്.എൻ.ട്രസ്റ്റും ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായിരുന്നു എതിർ കക്ഷികൾ. പിന്നീട് 52 ട്രസ്റ്റ് ബോർഡംഗങ്ങൾ ഈ ഭേദഗതിയെ എതിർത്ത് കക്ഷി ചേർന്നു.
ട്രസ്റ്റിന്റെ ആസ്തികളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യത്തിലോ ക്രിമിനൽ വിശ്വാസവഞ്ചനയിലോ ഉൾപ്പെടുകയോ ഭാരവാഹിത്വത്തിൽ തുടരുന്നത് ട്രസ്റ്റിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാവുകയോ ചെയ്താൽ അയാൾ കുറ്റവിമുക്തനാവും വരെ പദവിയിൽ നിന്ന് മാറി നിൽക്കണമെന്നതാണ് ഭേദഗതി.
ക്രിമിനൽ കേസിൽ കോടതി ചാർജ് ഷീറ്റ് നൽകിയാൽ കുറ്റവിമുക്തനാകും വരെ
പദവികളിൽ നിന്ന് മാറിനിൽക്കണമെന്ന വ്യവസ്ഥ ആവശ്യപ്പെട്ടാണ് ഹർജിക്കാർ
കോടതിയെ സമീപിച്ചത്. ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടെന്നും ട്രസ്റ്റിന്റെ ഫണ്ട് ദുരുപയോഗിച്ചെന്നുമായിരുന്നു ആരോപണം. ഏതെങ്കിലും വ്യക്തി വിശ്വാസവഞ്ചന കാട്ടിയോ, തുടരാൻ അയോഗ്യനാണോ തുടങ്ങിയ കാര്യങ്ങൾ
നിശ്ചയിക്കുക ഈ കോടതിയുടെ ചുമതലയല്ല. അത് സിവിൽ നടപടി ചട്ടങ്ങളനുസരിച്ചാണ് തീരുമാനിക്കേണ്ടത്. ഭേദഗതി വേണോ എന്ന് മാത്രമാണ് പരിശോധിച്ചത്. ഈ വ്യവസ്ഥ ഉൾപ്പെടുത്തിയതു കൊണ്ടു മാത്രം അന്യായം ഫയൽ ചെയ്യാതെ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിനിറുത്താനാവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അധാർമ്മിക പ്രവൃത്തികൾക്ക് ശിക്ഷിക്കപ്പെട്ടയാളെ ഒഴിവാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും ട്രസ്റ്റിന്റെ ആസ്തിയുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകൾ നേരിടുന്നയാളെ മാറ്റിനിറുത്താനുള്ള ചട്ടം ഇപ്പോൾ ബൈലായിലില്ല. റെഗുലർ സ്യൂട്ടിലൂടെ മാത്രമേ ട്രസ്റ്റിയെ മാറ്റിനിറുത്താൻ കഴിയൂ. ട്രസ്റ്റ് ആസ്തികളുമായി ബന്ധപ്പെട്ട് ചാർജ് ഷീറ്റ് ചെയ്യപ്പെട്ടയാൾ പദവിയിൽ തുടരുന്നത് നീതിപൂർവ്വകമായ വിചാരണയ്ക്ക് വിഘാതമുണ്ടെന്ന് വിചാരണ കോടതിക്ക് തോന്നിയാൽ അത് വിലക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ട്രസ്റ്റിനും സെക്രട്ടറിക്കും വേണ്ടി അഡ്വ.എ.എൻ.രാജൻബാബു ഹാജരായി.
കേസിനു പിന്നിൽ ദുർബുദ്ധികളുടെ
കുതന്ത്രം: വെള്ളാപ്പള്ളി
ചേർത്തല: എസ്.എൻ ട്രസ്റ്റിന്റെ നേതൃസ്ഥാനത്ത് താൻ തുടരാതിരിക്കാൻ ചില ദുർബുദ്ധികൾ നടത്തുന്ന കുതന്ത്രമാണ് ട്രസ്റ്റുമായി ബന്ധപ്പെട്ട കേസിന് പിന്നിലെന്ന് എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
'ട്രസ്റ്റുമായി ബന്ധമുള്ള ഒരു കേസിലും ഞാൻ പ്രതിയല്ല. ട്രസ്റ്റികളിൽ ആരെങ്കിലും ക്രിമിനൽ കേസിൽ ഉൾപ്പെട്ടാൽ കോടതി ചാർജ്ജ് ഫ്രെയിം ചെയ്യുകയും ട്രസ്റ്റ് താത്പര്യത്തിന് വിരുദ്ധമായി ട്രസ്റ്റി പ്രവർത്തിക്കുകയും ചെയ്താൽ കേസ് അവസാനിക്കുന്നതുവരെ മാറി നിൽക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിന് മുമ്പായി അതത് ജില്ലാ കോടതികൾ വിചാരണ നടത്തി വിധി പ്രഖ്യാപിച്ചാൽ മാത്രം ഇങ്ങനെ മാറിനിന്നാൽ മതിയെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഇവിടെ കേസ് ഫ്രെയിം ചെയ്തിട്ടുണ്ട്, ചാർജ്ജ് ചെയ്തിട്ടില്ല. എസ്.എൻ ട്രസ്റ്റിന്റെ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത് കേരള ഹൈക്കോടതിയാണ്. ട്രസ്റ്റിന്റെ ഭരണഘടനയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി. എസ്.എൻ ട്രസ്റ്റിനു മാത്രമല്ല, എല്ലാ ട്രസ്റ്റുകളെയും ബാധിക്കുന്നതാണ് ഈ ഉത്തരവ്. ഇതൊരു പൊതു വിധിയാണ്. എന്നാൽ ഇത് എനിക്കെതിരെയുള്ള വിധിയാണെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്'- വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |