തിരുവനന്തപുരം: ശബരിമലയിൽ അവതാരങ്ങളെ ആവശ്യമില്ലെന്നും അകറ്രിനിറുത്തണമെന്നും മന്ത്രി വി.എൻ.വാസവൻ നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിലൂടെ സ്വർണ്ണപ്പാളി കാണാതായതിലെ വസ്തുതകൾ പുറത്തുവരണം. കുറ്റവാളികളെ വെറുതേവിടില്ല. സ്വർണപ്പാളി സ്വർണം പൂശിയതിന്റെ വാറന്റി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലാക്കാൻ അനുവദിച്ചതാരാണെന്നും അയാളുടെ കൈവശം ഇത് കൊടുത്തുവിട്ടതെന്തിനാണെന്നും അന്വേഷിക്കണം. 40 വർഷമായി അവിടത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പോറ്രിയാണ്. ഇതിലൊന്നും സർക്കാരിന് ബന്ധമില്ല. ദൈനംദിന കാര്യങ്ങളിൽ മന്ത്രിയോ വകുപ്പോ ഇടപെടാറില്ല. സർക്കാർ നിർദ്ദേശപ്രകാരം ദേവസ്വംബോർഡ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുന്നു.
സ്വർണം പൂശിയ 1998മുതൽ ഇതുവരെയുള്ള വസ്തുതകൾ അന്വേഷണത്തിൽ പുറത്തുവരണം. ആഗോള അയ്യപ്പ സംഗമത്തിന്റെ മൂന്നുദിവസം മുൻപ് ഉണ്ണികൃഷ്ണൻ പോറ്റി ചാനലിലൂടെ നാലു കിലോസ്വർണം കാണാതായെന്ന് ആരോപണമുന്നയിച്ചിരുന്നു. വിജിലൻസ് അന്വേഷണത്തിൽ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് നാലു കിലോയുള്ള പീഠം കണ്ടെത്തി. ഇത് സ്വർണമാണോ ചെമ്പാണോയെന്ന് അന്വേഷണത്തിൽ തെളിയണം. വിജയ് മല്യ സ്വർണം പൂശിയ പാളികൾ ചെമ്പാണെന്ന് മഹസറിൽ ദേവസ്വം സെക്രട്ടറി രേഖപ്പെടുത്തിയതെന്തിനെന്നും അന്വേഷിക്കണം. 2023ൽ ഹൈക്കോടതി മേൽനോട്ടം ഏറ്റെടുക്കും വരെ മരാമത്ത് വകുപ്പാണ് സ്വർണത്തിന്റെ അളവുകളടക്കം രേഖപ്പെടുത്തിയിരുന്നത്.
ദേവസ്വംബോർഡ് പ്രസിഡന്റായിരുന്ന എ.പദ്മകുമാറിനെ ഇപ്പോൾ കുറ്റക്കാരനാക്കാനാവില്ല. അന്വേഷണത്തിൽ വസ്തുതകൾ തെളിയട്ടെ. വിഷമകരമായ അന്വേഷണം വരുമെന്ന ഭയത്തിൽ ഇപ്പോഴത്തെ ഭരണസംവിധാനത്തെ പ്രതിപക്ഷം എതിർക്കുകയാണ്. പുകമറ സൃഷ്ടിക്കാനുള്ള പാഴ്‌വേലയാണ് പ്രതിപക്ഷത്തിന്റേതെന്നും വാസവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |