#രണ്ട് എഫ്.ഐ.ആർ
# കവർച്ച, ഗൂഢാലോചന,
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ
#സ്വർണം പൂശിയ സ്ഥാപനവും
പ്രതിസ്ഥാനത്താവും
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു അടക്കം മൊത്തം പത്തുപേരെ പ്രതിചേർത്തു. അറസ്റ്റ് അടക്കം തുടർനടപടികൾ വേഗത്തിലുണ്ടാവും.
സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖ ചമച്ച മുരാരി ബാബു സസ്പെൻഷനിലാണ്. അക്കാലത്തെ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ അടക്കം പ്രതിസ്ഥാനത്തുണ്ട്. സ്വർണം പൂശിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് അധികൃതരും പ്രതികളാവും. നിലവിൽ ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ കടത്തിക്കൊണ്ടുപോയി സ്വർണം തട്ടിയത് 2019മാർച്ചിലാണ്. ശ്രീകോവിലിന്റെ വാതിൽപ്പാളിയിലെ സ്വർണം കവർന്നത് 2019 ഓഗസ്റ്റിലും. രണ്ടു സംഭവങ്ങളിലും ഒരേ ഉദ്യോഗസ്ഥരല്ല മഹസറിൽ ഒപ്പുവച്ചിരിക്കുന്നത്. അതിനാലാണ് രണ്ടു കേസായി എഫ്.ഐ.ആർ ഇട്ടത്.
കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തും.
ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ആറാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഉത്തരവ്.ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
474.9ഗ്രാം സ്വർണം തട്ടിയെടുത്തതായാണ് ഇതുവരെയുള്ള കണ്ടെത്തൽ. ഇത് കൂടാനിടയുണ്ട്.
ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് ശബരിമല ശ്രീകോവിലിന്റെ വാതിൽപ്പടിയിലെ ചെമ്പുപാളികളും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറുടെ കത്തിൽ ആദ്യം സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ എന്ന് പരാമർശിച്ചിരുന്നെങ്കിലും പിന്നീട് ദേവസ്വം കമ്മിഷണറുടെ കത്തിലും തുടർന്ന് ബോർഡിന്റെ ഉത്തരവിലും ഇത് ചെമ്പുപാളികൾ എന്നു മാത്രമാണുള്ളത്.
2019 മാർച്ചിൽ വശങ്ങളിലെ പാളിയിൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള ദേവസ്വം ബോർഡ് ഉത്തരവിലും ചെമ്പുപാളികൾ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019 മേയിൽ തയാറാക്കിയ മഹസറിലും ചെമ്പുപാളികൾ എന്നു മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രതിപട്ടിക
ഉണ്ണികൃഷ്ണൻ പോറ്റി
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
മുരാരി ബാബു (സസ്പെൻഷനിൽ),
മുൻ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ,
മുൻ തിരുവാഭരണം കമ്മിഷണർമാരായ
കെ.എസ്.ബൈജു, ആർ.ജി. രാധാകൃഷ്ണൻ,
മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ
ഡി.സുധീഷ് കുമാർ, വി.എസ്. രാജേന്ദ്രപ്രസാദ്,
അസിസ്റ്റന്റ് എൻജിനീയർ കെ.സുനിൽ കുമാർ,
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ
എസ്.ശ്രീകുമാർ, കെ.രാജേന്ദ്രൻനായർ
സന്നിധാനത്ത് പരിശോധന
രേഖകളിൽ പാകപ്പിഴ
# ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ച റിട്ട.ജസ്റ്റിസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിൽ സന്നിധാനത്തെ സ്ട്രോംഗ് റൂമിൽ പരിശോധന ആരംഭിച്ചു.സാധനങ്ങളെല്ലാം തിട്ടപ്പെടുത്തും.
#ദേവസ്വം മാനുവലിൽ നിഷ്‌കർഷിക്കുന്ന തരത്തിലല്ല രേഖകൾ. മഹസറിൽ എഴുതിയതു പലതും രജിസ്റ്ററിലും രജിസ്റ്ററിൽ രേഖപ്പെടുത്തിയത് മഹസറിലും ഉൾപ്പെടുത്തിയിട്ടില്ല.
# വിജയ് മല്യ സ്വർണം പൊതിഞ്ഞ് നൽകിയ പഴയ വാതിലുകൾ അവിടെയുണ്ടോ എന്നതും അതിന്റെ ആധികാരികതയും പരിശോധിക്കും. ഇവിടത്തേത് പൂർത്തിയായാൽ പ്രധാന സ്‌ട്രോംഗ് റൂമുള്ള ആറന്മുളയിൽ നാളെ പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |