SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി, സ്വാഭാവിക ജാമ്യം ആവർത്തിക്കരുത്

Increase Font Size Decrease Font Size Print Page

sabarimala

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം സമ‌ർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതിൽ എസ്.ഐ.ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിചാരണക്കോടതി മുതൽ സുപ്രീംകോടതി വരെ ജാമ്യം നിഷേധിച്ചിട്ടും പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങുന്ന സ്ഥിതിയാണ്. ഇത് പൊതുസമൂഹത്തിന് അന്വേഷണത്തിൽ സംശയം ജനിപ്പിക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ പറഞ്ഞു. തന്റെ അറസ്റ്റ് നിയമപരമല്ലെന്ന് ആരോപിച്ച് കേസിലെ പ്രധാന പ്രതികളിലൊരാളായ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സിംഗിൾബെഞ്ച്.

പ്രതികളെല്ലാം സ്വാഭാവിക ജാമ്യത്തിൽ പോയാൽ എന്താവും സ്ഥിതി?​ ഗൗരവമേറിയ വിഷയമാണിത്. എന്തുകൊണ്ടാണ് സമയത്തിന് കുറ്റപത്രം നൽകാത്തത്? കേസിൽ ഉൾപ്പെട്ടവരെ കണ്ടെത്തി, കുറ്റപത്രം മൂന്നു മാസത്തിനകം നൽകണം. ഇനി ആർക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ബാക്കി പറയുന്നില്ലെന്നും ഉത്തരവാദിത്വപ്പെട്ടവർക്ക് മനസ്സിലാകുമല്ലോയെന്നും കോടതി ചോദിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിന് കഴിഞ്ഞ ദിവസം സ്വാഭാവിക ജാമ്യം ലഭിച്ച സാഹചര്യത്തിലായിരുന്നു നിരീക്ഷണം.

നേരത്തെ കോടതിയുടെ വിമർശനത്തിനു പിന്നാലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി. ശങ്കരദാസ്, അഡ്വ. വിജയകുമാർ എന്നിവരെ എസ്.ഐ.ടി പ്രതിയാക്കിയതും അറസ്റ്റ് ചെയ്തതും. ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റിയതും കോടതിയുടെ വിമർശനത്തെ തുടർന്നായിരുന്നു.

ഭണ്ഡാരിയുടെ ഹർജി

വിധിപറയാൻ മാറ്റി

അന്വേഷണവുമായി പൂർണമായും സഹകരിച്ച തന്നെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് പങ്കജ് ഭണ്ഡാരിയുടെ വാദം. ജഡ്ജിക്കു മുമ്പിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകന്റെ സേവനം ഉറപ്പാക്കിയില്ല. റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയില്ലെന്നും രാത്രി വൈകിയുണ്ടായ അറസ്റ്റിന്റെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചില്ലെന്നും ഹർജിക്കാരനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ബി. രാമൻ പിള്ള വാദിച്ചു. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായില്ലെന്ന് അഡിഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു. തുടർന്ന് കോടതി ഹർജി ഉത്തരവിനായി മാറ്റി.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY