SignIn
Kerala Kaumudi Online
Wednesday, 13 May 2026 9.19 PM IST

ശബരിമല ഉന്നതാധികാര സമിതി: റിട്ട. ജസ്റ്റിസ് വി.ജി.അരുൺ അദ്ധ്യക്ഷൻ

Increase Font Size Decrease Font Size Print Page
justice-arun

കൊച്ചി: ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിനുള്ള ഉന്നതാധികാര സമിതിയുടെ അദ്ധ്യക്ഷനായി ഹൈക്കോടതി റിട്ട. ജസ്റ്റിസ് വി.ജി.അരുണിനെ നിയമിച്ചു. സമിതി അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് എസ്.സിരിജഗന്റെ നിര്യാണത്തെ തുടർന്നാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിയമന ഉത്തരവിറക്കിയത്.

സമിതിയുടെ പ്രവർത്തന പുരോഗതി റിപ്പോർട്ട് രണ്ടുമാസത്തിലൊരിക്കൽ അഡ്വക്കേറ്റ് ജനറൽ മുഖേന കോടതിയിൽ സമർപ്പിക്കണം. സമിതിയുടെ പ്രവർത്തനത്തിന് ആവശ്യമായ സാങ്കേതിക വിദഗ്ദ്ധരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താൻ അദ്ധ്യക്ഷന് അധികാരമുണ്ടാകും.

ശബരിമലയിലെ അടിസ്ഥാനസൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ സമയബന്ധിതമായി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.

തീർത്ഥാടകരുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, മാലിന്യ സംസ്കരണം, കുടിവെള്ള വിതരണം തുടങ്ങിയ കാര്യങ്ങളിൽ സമിതി മേൽനോട്ടം വഹിക്കും. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള റോപ്‌‌വേ, പുതിയ അന്നദാന മണ്ഡപം, ആശുപത്രി സൗകര്യങ്ങൾ എന്നിവയും സമിതിയുടെ പരിഗണനയിലുണ്ട്.

പദ്ധതികൾക്ക്

മുൻഗണനാക്രമം വേണം

1.മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ കൃത്യമായ മുൻഗണനാക്രമം വേണമെന്ന് കോടതി. ഓരോ പദ്ധതിക്കും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കണം.

2.നിലവിൽ നടക്കുന്ന ചില പ്രവർത്തനങ്ങൾ മാസ്റ്റർപ്ലാനിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.

3.സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം.

പരിസ്ഥിതി സന്തുലിതാവസ്ഥ

നിലനിറുത്തണം

നിലയ്‌ക്കലിലെ പാർക്കിംഗ് സൗകര്യങ്ങൾ, വിശ്രമമുറികൾ, ശൗചാലയങ്ങൾ എന്നിവയുടെ വികസനത്തിന് മുൻഗണന നൽകണം. പെരിയാർ ടൈഗർ റിസർവ് ഉൾപ്പെടുന്ന വനമേഖലയുടെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്തിക്കൊണ്ട് വേണം വികസന പ്രവർത്തനങ്ങൾ നടത്താനെന്നും കോടതി നിർദ്ദേശിച്ചു.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA