
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ രണ്ടു കേസുകളിലും ഇടക്കാല കുറ്റപത്രം ഉടൻ നൽകാൻ എസ്.ഐ.ടി. ഇതിന്റെ കരട് തയ്യാറാക്കി. സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി നേടിയ ശേഷമായിരിക്കും കോടതിയിൽ സമർപ്പിക്കുക. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്കെല്ലാം സ്വാഭാവിക ജാമ്യം കിട്ടുന്ന സാഹചര്യമാണിപ്പോൾ. കുറ്റപത്രം വൈകുന്നതിൽ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയും ചെയ്തു.
വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാൽ അതു കൂടി കുറ്റപത്രത്തിനൊപ്പം ഉൾപ്പെടുത്തും. ശബരിമലയിൽ നിന്ന് എത്രത്തോളം സ്വർണം കൊള്ളയടിച്ചെന്ന് ഈ റിപ്പോർട്ട് ലഭിച്ചാലേ ഉറപ്പിക്കാനാവൂ. കരട് കുറ്രപത്രം നിയമോപദേശത്തിന് അയയ്ക്കും. മാർച്ച് ആദ്യ വാരത്തോടെ കോടതിയിൽ സമർപ്പിക്കും..
സ്വർണം വിൽക്കാൻ ഇടനിലക്കാരായവരുടെ അടക്കം പ്രധാന സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. പ്രതികളിൽ ചിലരെ മാപ്പുസാക്ഷിയാക്കി കേസ് കടുപ്പിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. ഇതിനായി കോടതിയിൽ അപേക്ഷ നൽകും. അതേ സമയം, കൊള്ളയടിച്ച സ്വർണം കണ്ടെത്താനാവാത്തത് വെല്ലുവിളിയാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു 2കേസുകളിലും ജാമ്യം നേടി ജയിൽ മോചിതനായി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ ജാമ്യം ലഭിച്ചു. കൂടുതൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനിടയുണ്ട്. വിശദമായ തുടരന്വേഷണത്തിനു ശേഷമായിരിക്കും അന്തിമ കുറ്റപത്രം നൽകുക.
ശബരിമല സ്വർണക്കൊള്ള:
മുരാരി ബാബുവിനെ
ഇ.ഡി ചോദ്യം ചെയ്തു
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ജാമ്യം ലഭിച്ച മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകി.
പ്രത്യേക അന്വേഷണ സംഘം (എസ്.ഇ.ടി) രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ച മുരാരി ബാബു ഇന്നലെ രാവിലെ 10നാണ് കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടരുകയാണ്. സ്വർണക്കൊള്ള കേസിലെ പങ്കും, സാമ്പത്തിക ഇടപാടുകളിൽ ബന്ധമുള്ളവരെയും കുറിച്ചാണ് ഇ.ഡി പ്രധാനമായും അന്വേഷിച്ചതെന്നാണ് സൂചന.
ജനുവരി 29ന് ജാമ്യം ലഭിച്ച എസ്. ശ്രീകുമാർ ഈയാഴ്ച ഹാജരാകണമെന്ന് നോട്ടീസിൽ നിർദ്ദേശിക്കുന്നു. എസ്.ഐ.ടി കേസിൽ ജാമ്യം നേടിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം മറ്റു പ്രതികളിലേക്കും കടക്കാനാണ് ഇ.ഡിയുടെ നീക്കം.
തന്ത്രിയുടെ ജാമ്യാപേക്ഷ 9ലേക്ക് മാറ്റി
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷകളിൽ 9ന് വിശദവാദം കേൾക്കും. ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ കൂടുതൽ സാവകാശം തേടിയ പശ്ചാത്തലത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് വാദം തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
ദ്വാരപാലക ശില്പക്കേസിൽ തന്ത്രിയുടെ ജാമ്യഹർജി നേരത്തെ സമർപ്പിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇരുഹർജികളും ഒന്നിച്ചു പരിഗണിക്കണമെന്നാണ് തന്ത്രിയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.
കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജി ഇന്ന് പരിഗണിക്കും. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്ന് പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. ജുഡിഷ്യൽ റിമാൻഡ് തീരുന്ന പശ്ചാത്തലത്തിൽ ഇന്ന് പോറ്റിയെ കോടതിയിൽ നേരിട്ട് ഹാജരാക്കിയേക്കും. ദ്വാരപാലക ശില്പക്കേസിൽ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |