
കൊച്ചി: ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിൽ കൂടുതലായി ഉൾപ്പെടുത്തിയ നാലു പ്രതികളിൽ രണ്ട് പേരുടെ പങ്കും കട്ടിളപ്പാളി കേസിൽ കൂടുതലായി ചേർത്ത രണ്ട് പ്രതികളിൽ ഒരാളുടെ പങ്കും സ്ഥിരീകരിച്ചെന്ന് കോടതിയിൽ ഹാജരായ എസ്.ഐ.ടി തലവൻ എച്ച്. വെങ്കിടേഷ് അറിയിച്ചു. എന്നാൽ ഇവരുടെ പേരുകൾ വെളിപ്പെടുത്തിയില്ല.
നിലവിൽ 262 സാക്ഷികളിൽ നിന്ന് മൊഴിയെടുത്തു. പ്രതികളുടെ 2019 മുതലുളള ഫോൺ വിളി രേഖകൾ ശേഖരിക്കും. ചെന്നൈ സ്മാർട്ട്
ക്രിയേഷൻസിൽ നിന്ന് പിടിച്ചെടുത്ത ഡേറ്റകൾ തിരുവനന്തപുരം ഫൊറൻസിക് ലാബിൽ പരിശോധിക്കുകയാണ്. പ്രതികളുടെ കൈയക്ഷരവും ഒപ്പുമൊക്കെ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളിൽ കഴിഞ്ഞ വർഷം സ്വർണം പൂശിയതിൽ ശാസ്ത്രീയ പരിശോധന നടക്കുകയാണെന്നും ചില കാര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും എസ്.ഐ.ടി അറിയിച്ചു.
ശബരിമല ശ്രീകോവിൽ, സൈഡ് ഫ്രെയിം, പില്ലർ പ്ലേറ്റ്, ദ്വാരപാലക ശില്പങ്ങൾ, ബന്ധപ്പെട്ട മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങൾ മക്ഡൊവൽ കമ്പനി സ്വർണം പൊതിഞ്ഞ് നൽകിയതാണെന്ന് തെളിവുണ്ട്. ഇതാണ് കേസിന്റെ അടിസ്ഥാനം. 2019ൽ ശ്രീകോവിലിന്റെ വാതിൽ മാറ്റി സ്ഥാപിച്ചതിനും തെളിവുണ്ട്. യഥാർത്ഥ സ്വർണം ഉരുക്കി മാറ്റിയാണ് സ്വർണം പൂശിയതെന്നും പ്രാഥമിക ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഓരോ മൂലകങ്ങളും പരിശോധിക്കുന്ന രീതി വേണമെന്നാണ് എസ്.ഐ.ടി അറിയിച്ചത്.
വി.എസ്.എസ്.സിയിലും കേരളത്തിലെ ഫൊറൻസിക് ലാബുകളിലും വിശദമായ ശാസ്ത്രിയ പരിശോധനയ്‌ക്ക് സൗകര്യമില്ല.
രേഖകൾക്കും മൊഴികൾക്കുമപ്പുറം ശാസ്ത്രീമായ തെളിവുകളും ഇത്തരമൊരു കേസിൽ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. 2023-24 കാലയളവിൽ നടന്ന ഇടപാടുകളിൽ വ്യക്തത വരാനും ഇതു വേണം.
നടൻ ജയറാമിനെ ഇ.ഡി ചോദ്യം ചെയ്യും
ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നൽകി.
നോട്ടീസ് നൽകിയത് സ്ഥിരീകരിച്ചെങ്കിലും കൊച്ചി ഓഫീസിൽ ഹാജരാകേണ്ട ദിവസം ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കിയില്ല. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം ജയറാമിനുണ്ട്. പോറ്റി കടത്തിയ സ്വർണപ്പാളി ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു. കോട്ടയത്തെ ഒരു ക്ഷേത്രത്തിൽ നടത്തിയ പൂജയിലും പങ്കെടുത്തിരുന്നു. പോറ്റിയുമായുള്ള ബന്ധം, പണമിടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാകും ഇ.ഡി പ്രധാനമായും ചോദിക്കുക. പ്രത്യേക പൊലീസ് സംഘവും ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പോറ്റിയുടെ തട്ടിപ്പുകളെക്കുറിച്ച് അറിയില്ലെന്നാണ് ജയറാം മൊഴി നൽകിയത്.
തന്ത്രിയുടെ ജാമ്യാപേക്ഷയിൽ വാദം തുടരും
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷകളിൽ വാദം ഇന്നും തുടരും. ജാമ്യാപേക്ഷകളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്മേലുള്ള പ്രതിഭാഗം വാദം കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതിന് മുൻപാകെ ഇന്നലെ പൂർത്തിയായി. പ്രോസിക്യൂഷൻ വാദം ഇന്ന് നടക്കും.
ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെടുന്നതെന്നും തന്ത്രിക്ക് വേണ്ടി ഓൺലൈനിൽ ഹാജരായ ബി. രാമൻപിള്ള വാദിച്ചു. ഭരണകാര്യങ്ങളിൽ തന്ത്രിമാർ ഇടപെടരുതെന്ന ഹൈക്കോടതി വിധികളും കോടതിയെ ധരിപ്പിച്ചു. തന്ത്രി നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഗണിക്കണം. തന്ത്രിയും പോറ്റിയും തമ്മിൽ വഴിവിട്ട ബന്ധമില്ല.
തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളിലടക്കം അന്വേഷണം പൂർത്തിയാകാത്തതിനാൽ ജാമ്യം നൽകരുതെന്നാണ് എസ്.ഐ.ടി റിപ്പോർട്ട്. കട്ടിളപ്പാളി, ദ്വാരപാലക ശില്പക്കേസുകളിൽ തന്ത്രിയുടെ പങ്ക് തെളിയിക്കുന്ന മൊഴികളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ ഇന്നു വാദം കേൾക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |