
അധികാരപരിധി മറികടന്നെന്ന് റിപ്പോർട്ട്
കൊച്ചി: ശബരിമലയിൽ 2017ൽ സ്വർണക്കൊടിമരം പുതുക്കി സ്ഥാപിക്കാൻ അഭിഭാഷക കമ്മിഷണർ അഡ്വ.എ.എസ്.പി.കുറുപ്പ് ഭക്തരിൽ നിന്ന് നേരിട്ട് സ്വർണം സ്വീകരിച്ചത് ക്രമക്കേടാണെന്ന് ദേവസ്വം വിജിലൻസ്. ഹൈക്കോടതിയിൽ കഴിഞ്ഞദിവസം സമർപ്പിച്ച റിപ്പോർട്ടിലാണിത്. ദേവസ്വം വിജിലൻസ് കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ കുറുപ്പ് നേരിട്ട് സ്വർണം സ്വീകരിച്ചത് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊടിമരം പുന:പ്രതിഷ്ഠയ്ക്ക് ആകെ വേണ്ടിവന്ന 9573 ഗ്രാം സ്വർണത്തിൽ 412.010 ഗ്രാം 27 ഭക്തരിൽ നിന്നുള്ള സംഭാവനയായിരുന്നു. ഇതെല്ലാം സ്വീകരിച്ചത് കുറുപ്പിന്റെ നേതൃത്വത്തിലാണ്. 2017 ജൂൺ 10ന് ഒരു സിനിമാ നിർമ്മാതാവും മറ്റൊരാളും ചേർന്ന് നൽകിയ 246.520 ഗ്രാം സ്വർണ ബിസ്കറ്റുകളും (999.9 പരിശുദ്ധിയുള്ളത്) ഇതിലുൾപ്പെടും.
ഇവ മഹസറിൽ രേഖപ്പെടുത്തി, തിരുവാഭരണം കമ്മിഷണർ മുഖേന വെങ്കിടേഷ് എന്ന ശില്പിക്ക് കൈമാറുകയായിരുന്നു. എന്നാൽ, സ്വർണം സംഭാവന നൽകിയവർക്ക് ഫോം 3എ രസീത് നൽകിയില്ല. അഭിഭാഷക കമ്മിഷണറുടെ നടപടി അധികാരപരിധി മറികടന്നുള്ളതാണെന്നും റിപ്പോർട്ടിലുണ്ട്.
മണിമണ്ഡപം
സ്പോൺസറും പോറ്റി
സ്വർണ്ണക്കടത്തുക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി 2017ൽ പതിനെട്ടാംപടിക്ക് ഇരുവശത്തെയും മണിമണ്ഡപം നിർമ്മിക്കാനുള്ള സ്പോൺസറായിരുന്നുവെന്ന് വ്യക്തമാക്കി അഡ്വ.കുറുപ്പ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് പുറത്തുവന്നു. പുതിയ കൊടിമരപ്രതിഷ്ഠയ്‌ക്കു ശേഷം 2018 ജൂലായ് ആറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. പരുമല അനന്തൻ ആചാരി വഴിയാണ് 2017ൽ പോറ്റി എത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
തന്ത്രിക്ക് 2.05 കോടി നിക്ഷേപം
ഭാര്യയുടെ പേരിൽ 62 ലക്ഷം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠരര് രാജീവരുടെ പേരിൽ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 2.05 കോടിയുടേയും ഭാര്യയുടെ പേരിൽ 62 ലക്ഷത്തിന്റെയും നിക്ഷേപമുണ്ടെന്ന് എസ്.ഐ.ടി. ഇത് ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ല. സമാനമായ ഒട്ടേറെ അക്കൗണ്ടുകൾ തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുണ്ടാകുമെന്നും തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്ത് കൊല്ലം വിജിലൻസ് കോടതിയിൽ എസ്.ഐ.ടി വ്യക്തമാക്കി.
ജാമ്യാപേക്ഷകളിൽ വിധി പറയുന്നത് കോടതി 18ലേക്ക് മാറ്റി. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ ആദായനികുതി വകുപ്പ് അറിയാത്ത അക്കൗണ്ടുകളുണ്ടെന്നും അവ കണ്ടെത്തുംവരെ ജാമ്യം അനുവദിക്കരുതെന്നും എസ്.ഐ.ടി വാദിച്ചു. തന്ത്രി പൊതുസേവകൻ അല്ലെന്ന വാദത്തെ പ്രോസിക്യൂഷൻ എതിർത്തു. 2024-25 വർഷം ദേവസ്വം ബോർഡിൽ നിന്ന് 7.25 ലക്ഷംരൂപ തന്ത്രി കൈപ്പറ്റിയിട്ടുണ്ട്. അഴിമതി നിരോധന നിയമം ബാധകമാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. 2004ൽ ബംഗളൂരു ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും അറിയിച്ചു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസുവിന്റെ ജാമ്യാപേക്ഷയിൽ ഇന്നു വിധി പറയും. ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |