
പൊരുത്തപ്പെടാത്ത ബില്ലും കണക്കും
കൊച്ചി: പമ്പാതീരത്ത് കഴിഞ്ഞ സെപ്തംബർ 20ന് ദേവസ്വം ബോർഡ് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കിൽ മൊത്തം ദുരൂഹത. ഓഡിറ്റ് വിവരങ്ങൾ സഹിതം ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണിത്. ദേവസ്വം ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവിടില്ലെന്ന സർക്കാർ വാദവും പൊളിഞ്ഞു.
അയ്യപ്പ സംഗമ ദിവസം രാത്രി 3000 പേർ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാൽ, 500 താഴെപ്പേരേ കഴിച്ചുള്ളൂ. വൻതോതിൽ ഭക്ഷണം പാഴായി. സംഗമ ദിവസം ഉച്ചയ്‌ക്ക് 5000 പേർ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്ന് പറയുന്നു. എന്നാൽ, ആകെ നാലായിരം പേർ എത്തിയെന്നാണ് സർക്കാർ കണക്ക്.
കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നത്. കൃത്യമായ കണക്കും ബില്ലുകളുമില്ല. ജോയിന്റ് മെഷർമെന്റ് ഷീറ്റിൽ പല കണക്കുകളും രേഖപ്പെടുത്തിയിട്ടില്ല. 150 ബെഡ്ഡുകൾ വാങ്ങിയതിൽ 100 എണ്ണം മാത്രമാണ് കണക്കുകളിലുള്ളത്. 1,73,000 രൂപ വിലവരുന്ന 50 ബെഡ്ഡുകളുടെ കാര്യം രേഖപ്പെടുത്തിയിട്ടില്ല. എക്സ്ട്രാ ഐറ്റങ്ങൾക്ക് 24,17,581 രൂപ ചെലവായെന്ന് കാണിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ബില്ലുകളും രേഖകളുമില്ല. വേദിയിലെ പാനലിംഗ്, കേബിൾ ജോലികൾക്ക് 2,80,000 രൂപ വകയിരുത്തിയെങ്കിലും ഇതും കണക്കുകളിലില്ല.
സാമ്പത്തിക ഇടപാടിൽ ഗുരതര ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് പരിശോധിച്ച ദേവസ്വം ബെഞ്ച് വിലയിരുത്തിയിരുന്നു. ബോർഡിനോടും സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും വിശദീകരണം തേടിയിരിക്കുകയാണ്. 27ന് കോടതി വീണ്ടും പരിഗണിക്കും.
കരാർ ടെൻഡറില്ലാതെ
അധിക തുകയ്ക്ക്
നടത്തിപ്പുചുമതല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രർ ആൻഡ് കൺസ്ട്രക്ഷൻസിന് നൽകിയത് ടെൻഡർ വിളിക്കാതെ. ഊരാളുങ്കൽ സൊസൈറ്റിയുടെ സഹസ്ഥാപനമാണിത്. ഇവർ നൽകിയ ഇൻവോയ്സുകൾ തരംതിരിക്കാത്തതിനാൽ ഓഡിറ്റിംഗ് ദുഷ്കരമാണെന്നും റിപ്പോർട്ടിലുണ്ട്. പത്തു ശതമാനം അധിക തുകയ്‌ക്കാണ് കരാർ നൽകിയത്. രേഖകൾ കൃത്യമല്ലാത്തതിനാൽ ജി.എസ്.ടി ഇൻപുട് ടാക്സ് ഇനത്തിൽ ബോർഡിന് നഷ്ടമുണ്ടാകും. ഹോട്ടൽ ബില്ലുകളിലും ജി.എസ്.ടി നമ്പറില്ല.
ആഗോള അയ്യപ്പ സംഗമം:
പണം തിരിച്ചുകിട്ടിയെന്ന്
നിയമസഭയിൽ പറഞ്ഞു
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോർഡിൽ നിന്നു മുൻകൂറായി ചെലവഴിച്ച തുക ബോർഡിന് തിരികെ കിട്ടിയെന്ന് രണ്ടാഴ്ച മുമ്പ് നിയമസഭയിൽ
സർക്കാർ പറഞ്ഞു.
സ്പോൺസർമാരിൽ നിന്നു തുക ലഭിച്ചതിനെ തുടർന്നാണ് അഡ്വാൻസ് തിരികെ നൽകിയതെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.
ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ തുക തിരിച്ചുകിട്ടിയില്ലെന്നാണ് ഇപ്പോൾ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ജനുവരി 28ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഇക്കാര്യം വ്യക്തമാക്കിയത്. ധനലക്ഷ്മി ബാങ്ക്, കേരള ബാങ്ക് എന്നിവയായിരുന്നു പ്രധാന സ്പോൺസർമാർ. ഇവർ വാഗ്ദാനം ചെയ്ത തുക നൽകിയിട്ടുണ്ട്. അയ്യപ്പസംഗമം സ്പോൺസർമാരെ കണ്ടെത്തി നടത്തുന്നതിനാണ് തീരുമാനിച്ചിരുന്നത്. ഇതിന് കാലതാമസം നേരിട്ടതിനെ തുടർന്ന് ദേവസ്വം ബോർഡിൽ നിന്നു തുക അഡ്വാൻസായി ചെലവഴിക്കുകയായിരുന്നു. റിീലീജിയണൽ/റിലീജിയസ് കൺവെൻഷനുകൾ നടത്താൻ ബോർഡിന്റെ ബഡ്ജറ്റിൽ വകയിരുത്തിയിരുന്ന തുകയാണ് ഉപയോഗിച്ചത്.
ആഗോളഅയ്യപ്പ സംഗമം നടന്ന കന്നിമാസ പൂജ സമയത്ത് പമ്പ- സന്നിധാനം പാതയിൽ എമർജൻസി മെഡിക്കൽ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായി സർക്കാർ 2.98 ലക്ഷം രൂപ ജില്ലാ കളക്ടർക്ക് അനുവദിച്ചിരുന്നു. ഹൈക്കോടതിക്ക് നൽകാൻ ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്ക് തയ്യാറാക്കുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റിനെ ചുമതലപ്പെടുത്തിയെന്നും മറുപടിയിൽ പറഞ്ഞിരുന്നു.
കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്: വാസവൻകോട്ടയം : ആഗോള അയ്യപ്പസംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വി.എൻ.വാസവൻ. നാലുകോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമം അഴിമതിയെന്ന് തെളിഞ്ഞു:ചെന്നിത്തല
കോട്ടയം:ആഗോള അയ്യപ്പ സംഗമം വൻ അഴിമതിയാണെന്ന് തെളിഞ്ഞെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു.ഉച്ചയോട് കൂടി അവസാനിച്ച സമ്മേളനത്തിനാണ് ഏഴുകോടിരൂപ ചെലവാക്കിയത്.അത് വൻപരാജയമായിരുന്നു.ശബരിമലയിലെ എല്ലാ കാര്യങ്ങളിലും വൻ അഴിമതിയുണ്ടെന്ന് ഹൈക്കോടതിക്ക് മനസിലായി.തങ്ങൾ ഇത് നേരത്തെ പറയുന്നതാണ്.സർക്കാരിന്റെ അല്ലെങ്കിൽ ദേവസ്വം ബോർഡിന്റെ പണം ധൂർത്തടിക്കാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തത്.കുറ്റക്കാർക്കെതിരെ നിയമനടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |