
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊളളയുമായി ബന്ധപ്പെട്ടുളള അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുന്നു. 2019-25 കാലഘട്ടത്തിലെ ദേവസ്വം പ്രസിഡന്റുമാർക്കെതിരെയുളള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, 2019ലെ പ്രസിഡന്റായിരുന്ന എ പത്മകുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തമാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് പുതിയ തീരുമാനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ഉൾപ്പെടെയുളള നടപടികളുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019ൽ സ്വര്‍ണക്കൊള്ള നടന്നുവെന്നും 2025ൽ ഈ കൊള്ള മറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നുമാണ് കോടതിയുടെ നിരീക്ഷണം.
അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണക്കൊളളയ്ക്ക് പിന്നിലെന്ന നിർണായക കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി കവർന്നെന്ന് കരുതുന്ന ബെല്ലാരിയിൽ നിന്ന് കണ്ടെത്തിയ സ്വർണം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ദേവസ്വം ബോർഡിലെ ഉന്നതർക്ക് പങ്കുണ്ടോയെന്ന കാര്യം കണ്ടെത്താൻ ശക്തമായ തെളിവുകൾ ആവശ്യമാണ്. ഇതിനായി ദേവസ്വം ബോര്‍ഡിലെ മിനിറ്റ്‌സുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്വര്‍ണപ്പാളി കൊണ്ടുപോകാനുള്ള ശുപാര്‍ശകളും കത്തിടപാടുകളും ദേവസ്വം ബോര്‍ഡിലേക്കാണ് വന്നത്. അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് മുരാരി ബാബു അടക്കമുള്ളവരുടെ കത്തുകള്‍ വന്നപ്പോള്‍ ബോര്‍ഡ് എന്ത് തീരുമാനമെടുത്തു, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായ നിലപാടാണോ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാൻ ഉടൻ തന്നെ നോട്ടീസ് നൽകുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
അതേസമയം, സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി മുൻപേ തന്നെ പദ്ധതികളിട്ടിരുന്നുവെന്നും വിവരം ലഭിക്കുന്നുണ്ട്. ശബരിമലയിലെ തന്ത്രി കുടുംബവുമായുള്ള ബന്ധമാണ് ഇതിനെല്ലാം ഇയാള്‍ മറയാക്കിയത്. ഒരു കീഴ്ശാന്തിയുടെ സഹായിയായി ശബരിമലയിൽ വന്ന ഇയാള്‍ പിന്നീട് തന്ത്രി കുടുംബവുമായി കൂടുതല്‍ അടുക്കുകയും തന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളായി ധനികരായ അയ്യപ്പഭക്തര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ ബന്ധം ഉപയോഗിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ധനികരായ ഭക്തരുമായി സൗഹൃദം സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |