
പുനലൂർ: അപകടകരമായി വാഹനം ഓടിച്ച് കടയിൽ ഇടിച്ച ശേഷം നിറുത്താതെ പോയ കാർ, പിന്നാലെ പിന്തുടർന്ന പൊലീസ് പിടികൂടി. കാർ നിറുത്താൻ സിഗ്നൽ നൽകിയ എസ്.ഐയുടെ കൈക്ക് ഇടിച്ചാണ് ഇവർ കടന്നുപോയത്. സംഭവത്തിൽ കാര്യറ സ്വദേശികളായ ഷെമീർ, ഷംനാദ് എന്നിവരെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പ്ലാച്ചേരിയിൽ ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. തെന്മല ഭാഗത്തുനിന്ന് വന്ന ഇന്നോവ കാർ, പ്ലാച്ചേരിയിലെ റോഡരികിലുള്ള ആശയുടെ പെട്ടിക്കടയിൽ ഇടിച്ചശേഷം നിറുത്താതെ പോയിരുന്നു. വിവരമറിഞ്ഞ് ഈ ഭാഗത്ത് പട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ റിയാസ് വാഹനം നിറുത്തുന്നതിന് വേണ്ടി സിഗ്നൽ നൽകി. എന്നാൽ, കാർ ഓടിച്ചിരുന്നയാൾ വാഹനം നിറുത്താതെ എസ്.ഐയുടെ ഇടത് കൈയിൽ ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം നിറുത്താതെ പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘം ഉടൻ തന്നെ കാർ പിന്തുടർന്ന് ഐക്കരക്കോണത്ത് നിന്ന് പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |